കൊച്ചി: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ഫ്‌ളാഷ് മോബുമായി എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ എൻസിസി കേഡറ്റുകൾ. എറണാകുളം ബോട്ട് ജെട്ടിയിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. സമീപകാലത്ത് രാജ്യം ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ അടിക്കടി നേരിടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാർത്ഥികളുടെ നീക്കം.
പ്രകൃതിയുടെ ആവാസ വ്യവസ്ഥ തടസപ്പെടുത്തുന്ന മനുഷ്യന്റെ കർമ്മങ്ങളും ഇത്തരം പ്രകൃതി ദുരന്തങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പൊതു സമൂഹത്തെ അറിയിക്കുകയായിരുന്നു ഫ്‌ളാഷ് മോബിന്റെ ലക്ഷ്യം. ഇത്തരം സമീപനങ്ങളിൽ അടിയന്തരമായി മാറ്റം വരുത്താൻ മനുഷ്യർ തയ്യാറാകണമെന്നും ഫ്‌ളാഷ് മോബിലൂടെ വിദ്യാർത്ഥികൾ ഓർമ്മിപ്പിച്ചു.

പരിസ്ഥിതി സൗഹാർദ്ദ നടപടികളിലൂടെ നമ്മുടെ ഗ്രഹത്തിനും ഭാവി തലമുറയ്‌ക്കും സംരക്ഷണമൊരുക്കേണ്ടതിന്റെ ആവശ്യകതയും ഫ്‌ളാഷ് മോബിൽ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതിയെ അവഗണിച്ചാൽ ഉണ്ടാകുന്ന അനന്തര ഫലങ്ങളുടെ ഗൗരവത്തെക്കുറിച്ച് പൊതുസമൂഹത്തെ ചിന്തിപ്പിക്കുന്നത് കൂടിയായി വിദ്യാർത്ഥികളുടെ നീക്കം. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.















