ബ്രസീലിൽ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് ഇലോൺ മസ്‌കിന്റെ എക്‌സ്. സെൻസർഷിപ്പ് നിയമങ്ങൾ പാലിക്കണമെന്ന് രാജ്യത്തെ സുപ്രീംകോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസ് കർശന താക്കീത് നൽകിയതിന് പിന്നാലെയാണ് നീക്കം. സുപ്രീംകോടതി ജഡ്ജി കമ്പനിയെ ഭീഷണിപ്പെടുത്തുകയാണെന്നും അതിനാൽ ബ്രസീലിലെ എക്‌സിന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കുകയാണെന്നും കമ്പനി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചുവെങ്കിലും, ബ്രസീലിലെ ഉപയോക്താക്കൾക്ക് തുടർന്നും തങ്ങളുടെ സേവനം ലഭ്യമാകുമെന്നും എക്‌സ് വ്യക്തമാക്കുന്നു. സെൻസർഷിപ്പ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ബ്രസീസിലെ എക്‌സിന്റെ കമ്പനി പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മൊറേസ് ഉത്തരവ് പുറപ്പെടുവിച്ചതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഇത്തരമൊരു ഉത്തരവ് പുറത്തറിക്കിയത് രഹസ്യമായാണ്. ഈ ഉത്തരവ് പരസ്യമായി പുറത്ത് വിട്ടിട്ടില്ലെന്നും, ഇത് നിയമലംഘനമാണെന്നും കമ്പനി അവകാശപ്പെടുന്നു.
” സെൻസർസർഷിപ്പ് നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഞ്രങ്ങളുടെ നിയമ വക്താവിനെ അറസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം രാത്രി അലക്‌സാണ്ടർ ഡി മൊറേസ് ഭീഷണിപ്പെടുത്തി. രഹസ്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ നീക്കം. അത് പരസ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഈ വിവരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്‌ക്കുന്നത്. ഈ വിഷയത്തിൽ ബ്രസീലിലെ സുപ്രീംകോടതിയിൽ നിരവധി അപ്പീലുകൾ നൽകിയിരുന്നു. എന്നാലതൊന്നും പരിഗണിച്ചില്ല. പകരം ജീവനക്കാരെ നിയമത്തിന്റെ മാർഗത്തിലൂടെ ഭീഷണിപ്പെടുത്തുകയാണ്.
ഇത്തരമൊരു തീരുമാനം എടുക്കുന്നതിൽ വലിയ ദു:ഖമുണ്ട്. ഇതിന്റെ പൂർണ ഉത്തരവാദിത്വം അലക്‌സാണ്ടർ ഡി മൊറേസിനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു ജനാധിപത്യ സർക്കാരിന്റെ രീതികളോട് യോജിച്ചതല്ലെന്നും” എക്‌സ് പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ സർക്കാരിന്റെ കാലത്ത് പുറത്ത് വന്ന ചില വ്യാജ വാർത്തകളും വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും ഉൾപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മൊറേസ് എക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ട ഈ അക്കൗണ്ടുകൾ സജീവമാക്കുമെന്ന് എക്‌സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ വർഷമാദ്യം മസ്‌കിനെതിരെ മൊറോസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൊറോസിന്റെ തീരുമാനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് മസ്‌കിന്റെ വാദം.















