കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തൊട്ടാകെ പ്രതിഷേധം കനക്കുന്നതിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. സർക്കാർ എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് പിന്നിൽ ഒരാളോ രണ്ട് പേരോ മാത്രമല്ലെന്നും ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രേഖ ശർമ.
കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നുള്ള കാര്യം വ്യക്തമാണ്. അവരെ രക്ഷിക്കാനാണ് മമതാ സർക്കാർ ശ്രമിക്കുന്നത്. കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. മമത ബാനർജിയും സർക്കാരും എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്ന് സിബിഐയുടെ അന്വേഷണം പൂർത്തിയാകുമ്പോൾ എല്ലാവർക്കും വ്യക്തമാകുമെന്നും രേഖ ശർമ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ചിരിക്കുകയാണ് എബിവിപി (അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് എബിവിപി പ്രവർത്തകർ പങ്കെടുത്തു. ബംഗാളിലെ മമത സർക്കാരിന്റെ ഏകാധിപത്യ ഭരണം സാമൂഹ്യവിരുദ്ധർക്കും കുറ്റവാളികൾക്കും തഴച്ചുവളരുന്നതിനുള്ള അവസരമായി മാറിയെന്ന് എബിവിപി ആരോപിച്ചു.