ബെംഗളൂരു: കാന്താരയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ശേഷം വീട്ടിലെത്തിയ ഋഷഭ് ഷെട്ടിക്ക് പരമ്പരാഗത രീതിയിലുള്ള സ്വീകരണം ഒരുക്കി കുടുംബാംഗങ്ങൾ. ആരതി ഉഴിഞ്ഞാണ് ഭാര്യ പ്രഗതി ഷെട്ടിയും മക്കളും അദ്ദേഹത്തെ വീടിനുള്ളിലേക്ക് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും പ്രഗതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ഹൃദയസ്പർശിയായ കുറിപ്പും അവർ വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്. അഭിമാനം കൊണ്ട് ചന്ദ്രനെക്കാൾ ഉയരത്തിലാണെന്ന് പ്രഗതി പറയുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന് ലഭിച്ച ആദരവാണ് ഈ ദേശീയ അവാർഡ് നേട്ടം. ഉറക്കമില്ലാത്ത രാത്രികൾക്കും കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനുമെല്ലാം ഫലമുണ്ടായതായും പ്രഗതി പറയുന്നു.
കാന്താരയിലെ അഭിനയത്തിന് തനിക്ക് ലഭിച്ച പുരസ്‌കാരം ആ ചിത്രത്തിലെ മുഴുവൻ ടീമിന്റെ കഠിനാധ്വാനം വഴി സാധ്യമായതാണെന്ന് ഋഷഭ് ഷെട്ടി പുരസ്‌കാര നേട്ടത്തിൽ പ്രതികരിച്ചത്. ” പ്രൊഡക്ഷൻ ഹൗസ്, ഡിഒപി, സാങ്കേതിക വിദഗ്ധർ എന്ന് തുടങ്ങീ ചിത്രത്തിലെ ഓരോ പ്രവർത്തകർക്കും ഈ നേട്ടത്തിൽ പങ്കുണ്ട്. കർണാടകയിലെ എല്ലാ ജനങ്ങളോടും നന്ദിയുണ്ട്. ഈ സിനിമയെ അംഗീകരിച്ചതിന് ദേശീയ അവാർഡ് പാനലിനും നന്ദി അറിയിക്കുകയാണ്. ഈ സിനിമയേയും കഥാപാത്രത്തേയും അംഗീകരിച്ച ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. ഇതിൽ വളരെ അധികം സന്തോഷമുണ്ട്. അവാർഡ് കർണാടകയിൽ ജനങ്ങൾക്കായി സമർപ്പിക്കുകയാണെന്നും” ഋഷഭ് ഷെട്ടി വ്യക്തമാക്കി.