കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജിലുണ്ടായ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസ് സേനകൾ ഓരോ രണ്ട് മണിക്കൂറിലും മെയിൽ, ഫാക്‌സ് അല്ലെങ്കിൽ വാട്‌സ്ആപ്പ് വഴി റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചത്.
ഈ മാസം 16ാം തിയതി മുതൽ സംസ്ഥാനങ്ങൾ റിപ്പോർട്ട് അയച്ചു തുടങ്ങിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംഎച്ച്എ കൺട്രോൾ റൂമിലേക്കാണ് സന്ദേശങ്ങൾ അയച്ചു നൽകുന്നത്. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിൽ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായാൽ കൃത്യമായ റിപ്പോർട്ടുകളിലൂടെ അത് അധികാരികളെ അറിയിക്കുന്നത് ഉറപ്പാക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കൊൽക്കത്തയിലെ ബലാത്സംഗക്കേസിൽ നിരവധി വീഴ്‌ച്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇത്തരം സന്ദർഭങ്ങളിൽ വേഗത്തിൽ തന്നെ നടപടി എടുക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനാണ് ഇത്തരത്തിൽ നിർണായക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബംഗാളിൽ ആർജി മെഡിക്കൽ കോളേജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജിന് സമീപത്ത് കൂട്ടംകൂടി നിൽക്കുകയോ പ്രതിഷേധ സമരങ്ങൾ നടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലുമായി ഇപ്പോഴും വിവിധ സംഘടനകളുടേയും മെഡിക്കൽ വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.















