തിരുവനന്തപുരം: സാലറി ചലഞ്ചിൽ ഇടഞ്ഞ് പ്രതിപക്ഷ സർവീസ് സംഘടനകൾ. റീ ബിൽഡ് വയനാടിനായി പ്രഖ്യാപിച്ച സാലറി ചലഞ്ച് ഉത്തരവിൽ പുന:പരിശോധന വേണമെന്നാണ് സംഘടനകളുടെ ആവശ്യം. സ്റ്റേറ്റ് എംപ്ലോയീസ് കളക്ടീവ് കേരളയും, കേരള എൻജിഒ അസോസിയേഷനും എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രിയ്‌ക്ക് നിവേദനം കൈമാറി. താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്നവരെ മാനദണ്ഡം സാരമായി ബാധിക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
റീ ബിൽഡ് വയനാടിന് വേണ്ടിയുള്ള സാലറി ചലഞ്ച് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും, ഇതിനായി സമ്മതപത്രം കൈമാറണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. ശമ്പളത്തിൽ നിന്ന് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. മൂന്ന് ഗഡുക്കളായി തുക നൽകാമെന്നും, അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
സാലറി ചലഞ്ചിലൂടെ നിർബന്ധപൂർവ്വം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ശക്തമായി തന്നെ നേരിടുമെന്ന് യുഡിഎഫ് അനുകൂല ജീവക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സെറ്റോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിവിനൊത്ത് ശമ്പളം സംഭാവനയായി നൽകാനുള്ള അവസരമാണ് ഒരുക്കേണ്ടതെന്നും, നിർബന്ധപൂർവ്വം തൊഴിൽ ദാതാവിന് ശമ്പളം പിടിച്ചെടുക്കാൻ നിയമം അനുവദിക്കില്ലെന്നും ഇവർ പറയുന്നു. വയനാടിന്റെ പുനരധിവാസത്തിന് വേണ്ടി ആയിരം കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ പറഞ്ഞത്. എന്നാൽ ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നും ഇവർ പറഞ്ഞിരുന്നു.















