അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്‌ക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്രസന്നിധിയിൽ നടന്നു. ഹരിശ്രീ അശോകൻ, അർജുൻ അശോകൻ, സച്ചിൻ രാജ്, അഭിലാഷ് പിള്ള, ബാലതാരങ്ങളായ ദേവനന്ദ, ശ്രീപഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കറാണ് സുമതി വളവ് സംവിധാനം ചെയ്യുന്നത്. മാളികപ്പുറം ടീം വീണ്ടും സുമതി വളവിലൂടെ ഒന്നിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകളും പ്രോത്സാഹനവും ഒപ്പമുണ്ടാകണമെന്നും വിഷ്ണു ശശിശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഉൾപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം 20-ന് ആരംഭിക്കും. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവർ വീണ്ടും സുമതി വളവിലൂടെ ഒരുമിച്ചെത്തുമ്പോൾ ഒരു ഹൊറർ ത്രില്ലർ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.