കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺഗ്രസിന് നേരിട്ട് പങ്കുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ തൃണമൂൽ പ്രവർത്തകരാണ് നശിപ്പിച്ചതെന്നും അതിന് പൊലീസുമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തൊടാകെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് തൃണമൂലിനെതിരെ രൂക്ഷ വിമർശനവുമായി അന്നപൂർണാ ദേവി രംഗത്തെത്തിയത്.
‘കേസിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വളരെ വലിയ അനാസ്ഥയാണുണ്ടായത്. പൊലീസ് കേസ് കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു. കേസിലെ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ പൊലീസും തൃണമൂൽ നേതാക്കളും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഇത്രയധികം അനീതികൾ ഉണ്ടാകുന്നത് സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണ്. ബംഗാളിൽ ഭരണവീഴ്ച ഉണ്ടായിരിക്കുകയാണ്- അന്നപൂർണാ ദേവി പറഞ്ഞു.
സ്വന്തം വീഴ്ചകൾ മറച്ചുവച്ചുകൊണ്ട് എന്തിനാണ് തൃണമൂൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതെന്നും ഇതൊക്കെ കപടമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേസന്വേഷണത്തിലെ അനാസ്ഥ, ആശുപത്രിയിലെ സുരക്ഷാ വീഴ്ച എന്നിവ ദേശീയ വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സംഭവസമയത്ത് ആശുപത്രിയിൽ ഒരു സെക്യൂരിറ്റി ഗാർഡ് പോലും ഉണ്ടായിരുന്നില്ല. നൈറ്റ് ഷിഫ്റ്റിലുള്ള ഡോക്ടർമാർക്കും നേഴ്സുമാർക്കും മതിയായ സംരക്ഷണം ഒരുക്കുന്നതിൽ ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ട് പോയെന്നും ദേശീയ വനിതാ കമ്മീഷൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.















