ഗുരുവായൂർ: പൊന്നിൻ ചിങ്ങത്തെ വരവേറ്റ് ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങ് നടന്നു. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിൽ കൊടിമരചുവട്ടിലാണ് ചടങ്ങ് നടന്നത്. ചടങ്ങിനോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ദർശന നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
കാർഷിക സമൃദ്ധിയുടെ വരവ് അറിയിച്ചാണ് ഇല്ലം നിറ ചടങ്ങ് നടത്തുന്നത്. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചേർന്ന കഴിഞ്ഞ ദിവസം തന്നെ കതിർകറ്റകൾ കഴിഞ്ഞ ദിവസം തന്നെ ഗുരുവായൂരപ്പന് മുമ്പിൽ എത്തിച്ചിരുന്നു.
ഇന്ന് പുലർച്ചെ ഈ കതിർക്കറ്റകൾ കിഴക്കേ ഗോപുര കവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ച ശേഷം കീഴ്‌ശാന്തി നമ്പൂതിരി തീർഥം തളിച്ച് ശുദ്ധി വരുത്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ശേഷം മേൽശാന്തി സർവൈശ്വര്യ പൂജയും ലക്ഷ്മി പൂജയും നടത്തി. കതിരുകളിൽ ഒരു പിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തി. പൂജിച്ച കതിർക്കറ്റകൾ ഭക്തർക്ക് പ്രസാദമായി നൽകിയതോടെ ചടങ്ങുകൾക്ക് സമാപനമാമായി. ഇല്ലംനിറയുടെ തുടർ ചടങ്ങായ തൃപ്പുത്തിരി 28 ന് നടക്കും. അന്ന് പുന്നെല്ലിന്റെ അരി കൊണ്ടുള്ള പായസവും അപ്പവും ഉണ്ടാക്കി അന്നേദിവസം ഭഗവാന് നിവേദിക്കും.
കഴിഞ്ഞ ദിവസം ചടങ്ങ് കൊടിമരച്ചുവട്ടിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ദേവസ്വത്തിന്റെ തീരുമാത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നമസ്‌കാര മണ്ഡപത്തിൽ തന്നെ ഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.















