കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതകത്തിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡോക്ടറുടെ സഹപ്രവർത്തകർ. കൊല്ലപ്പെട്ട ഡോക്ടർക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു. ഇത് മുമ്പ് പലതവണ ഇത് മാനേജ്മെന്റിന് മുമ്പാകെ ഉന്നയിച്ചിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്, സഹപ്രവർത്തകർ പറഞ്ഞു.
കേസിൽ അറസ്റ്റിലായ സഞ്ജയ് റോയ് റാക്കറ്റിലെ ചെറിയ കണ്ണിമാത്രമാണ്. അല്ലെങ്കിൽ അയാൾ ബലിയാടാക്കപ്പെട്ടതാകാം. യഥാർത്ഥ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇത് ബലാത്സംഗ കൊലപാതകമായി എഴുതി തള്ളേണ്ട കേസല്ല. അവളെ ഇതിന് മുമ്പ് തന്നെ ടാർഗറ്റ് ചെയ്തിരുന്നു. ആ സമയം അവൾ സെമിനാർ ഹാളിൽ തനിച്ചാണെന്ന് സഞ്ജയ് റോയ് എങ്ങനെ അറിഞ്ഞു? വലിയ ഗൂഢാലോചനയാണ് നടന്നത്, സഹപ്രവർത്തകരിലൊരാൾ ചൂണ്ടിക്കാട്ടി.
താൻ കടുത്ത സമ്മർദത്തിലാണെന്നും കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കഠിനമായ ജോലി ചെയ്യിപ്പിക്കുന്നതായും ഇര തന്റെ ഡയറിയിൽ കുറിച്ചിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥിനി ആയതിനാൽ കഴിഞ്ഞ ഒരു വർഷമായി യുവഡോക്ടർ ക്യാമ്പസിൽ സജീവമായിരുന്നു. കാണാൻ പാടില്ലാത്ത പലതും ഇക്കാലേയളവിൽ കണ്ടതായി ഡോക്ടർ അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു.















