പാരിസ് ഒളിമ്പിക്‌സിൽ വെള്ളിമെഡൽ രാജ്യത്തിനായി സമ്മാനിച്ച താരമാണ് നീരജ് ചോപ്ര. തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ചാണ് താരം വെള്ളിമെഡൽ സ്വന്തമാക്കിയത്. പാകിസ്താന്റെ അർഷാദ് നദീം സ്വർണ മെഡൽ കരസ്ഥമാക്കിയെങ്കിലും താരത്തിന് ജന്മനാട് നൽകിയ സമ്മാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ ഇത്തരം സമ്മാനങ്ങൾ തനിക്കും അപരിചിതമല്ലെന്നാണ് നീരജും പറയുന്നത്.
സ്വർണമെഡൽ നേടിയ അർഷാദ് നദീമിന് ഭാര്യാപിതാവ് പോത്തിനെയാണ് സമ്മാനമായി നൽകിയത്. ഇതുപോലെ തനിക്ക് ലഭിക്കുന്നത് നെയ്യാണെന്നാണ് നീരജ് പറയുന്നത്. ഇത്തരം സമ്മാനങ്ങൾ അപരിചിതമല്ലെന്നും താരം പറയുന്നു.
” ഒരിക്കൽ എനിക്കും വ്യത്യസ്തമായ സമ്മാനം ലഭിച്ചിരുന്നു. മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ 10 കിലോ നെയ്യോ 50 കിലോ നെയ്യോ കിട്ടും. അല്ലെങ്കിൽ നിറയെ ലഡുവായിരിക്കും കിട്ടുക. ഇതെല്ലാം ഞങ്ങളുടെ പ്രദേശത്തെ ആളുകൾ വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങളായിരിക്കും. നീരജ് ജയിക്കുകയാണെങ്കിൽ 10 കിലോ നെയ്യ് നൽകും, അല്ലെങ്കിൽ 50 കിലോ നെയ്യ് നൽകും.. ഇങ്ങനെയൊക്കെ പറഞ്ഞ് പ്രദേശവാസികളും ബന്ധുക്കളും തമ്മിൽ പന്തയം വയ്‌ക്കാറുണ്ട്. അല്ലെങ്കിൽ അവർ സ്‌നേഹസമ്മാനങ്ങളായി തരുന്നു. കബഡിക്കും ഗുസ്തിക്കും പേരുകേട്ട ഇടത്താണ് ഞാൻ ജനിച്ചു വളർന്നത്. അതിനാൽ ഇത്തരം സമ്മാനങ്ങളൊക്കെ എനിക്കും സുപരിചിതമാണ്.”- നീരജ് ചോപ്ര പറഞ്ഞു.
കായിക താരങ്ങൾക്ക് ശക്തിയും ഊർജവും നൽകാൻ നെയ്യ് കഴിക്കുന്നത് സഹായിക്കുമെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാവരും നെയ്യ് സമ്മാനമായി നൽകുന്നത്. ഇതുപോലെ പോത്തുകളെ നൽകുന്നവരും ഞങ്ങളുടെ പ്രദേശത്തുണ്ട്. കബഡി ജയിക്കുന്നവർക്കും ഗുസ്തി കളിക്കാർക്കും ബൈക്കുകളും ട്രാക്ടറുകളും നൽകി വരുന്ന സമ്പ്രദായങ്ങളുമുണ്ടെന്നും നീരജ് വ്യക്തമാക്കി.