പാലക്കാട്: പലിശ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ. മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം ഒമ്പതിനാണ് മനോജിന് മർദ്ദനമേറ്റത്. മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നുവെന്ന് പറഞ്ഞ് കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ മർദ്ദിക്കുകയായിരുന്നു. ആക്രമണമുണ്ടായ ദിവസം വൈകിട്ട് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് അവശനിലയിലാണ് മനോജ് എത്തിയത്.
തുടർന്ന് ആരോഗ്യ സ്ഥിതി മോശമായതോടെ ഇയാളെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണ കാരണമാവുന്ന നിരവധി പരിക്കുകൾ മനോജിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പരിചരിച്ച ഡോക്ടർമാർ പൊലീസിൽ മൊഴി നൽകി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.