കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് രണ്ട് സുപ്രീം കോടതി അഭിഭാഷകർ നൽകിയ കത്തിനെ തുടർന്നാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.
” രാജ്യത്തെ ജനങ്ങൾക്കായി സേവനം നൽകിയ യുവ ഡോക്ടറെയാണ് അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഇരയ്‌ക്ക് എല്ലാ അർത്ഥത്തിലും നീതി ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മറ്റൊരു സ്ത്രീക്കും ഇത്തരം അവസ്ഥ വരാതിരിക്കാൻ സുപ്രീം കോടതിയുടെ ഇടപെടൽ അനിവാര്യമാണ്.” അഭിഭാഷകർ പറഞ്ഞു.
രാജ്യത്തിന്റെ പരമോന്നത നീതിപീഠം നീതി ഉറപ്പാക്കുമെന്ന് തന്നെയാണ് ജനങ്ങളുടെ വിശ്വാസം. കൊൽക്കത്തയിൽ സംഭവിച്ചതുപോലെയുള്ള നീചകൃത്യങ്ങൾ വച്ചുപൊറുപ്പിക്കരുത്. സ്ത്രീകളുടെ ജീവനും അന്തസ്സിനും സംരക്ഷണമൊരുക്കണമെന്നും കോടതിക്ക് അഭിഭാഷകർ നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.















