കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. മരുന്ന് നൽകിയ ശേഷം തിരിച്ച് നടക്കുന്നതിനിടെ രോഗി നഴ്‌സിനെ ചവിട്ടി വീഴ്‌ത്തി. ആക്രമണത്തിൽ നഴ്‌സിന് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ 7-ാം വാർഡിലുള്ള രോഗി അക്രമാസക്തനായതോടെ മരുന്ന് നൽകാനായി എത്തിയതായിരുന്നു നഴ്‌സ്. ഇഞ്ചക്ഷൻ നൽകി തിരിച്ചു പോകുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി രോഗി, നഴ്‌സിനെ ആക്രമിക്കുകയായിരുന്നു.
പുറത്ത് ശക്തമായി ചവിട്ടിയതിന്റെ ആഘാതത്തിൽ തെറിച്ചുപോയ നഴ്‌സിന്റെ കയ്യും മുഖവും ഒരു ഗ്രില്ലിൽ ഇടിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും കയ്യിന് ക്ഷതമേൽക്കുകയും ചെയ്തു. മുഖത്ത് ആറോളം തുന്നലുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കേരള ഗവ നഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.
നിലവിൽ 20 സുരക്ഷാ ജീവനക്കാരുടെ കുറവ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലുണ്ട്. നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ ആശുപത്രി അധികൃതർ സ്വീകരിക്കണമെന്ന് നഴ്‌സിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു.















