കൊൽക്കത്ത: ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ചതായി കൊൽക്കത്തയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ പിതാവ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംഭവം കൈകാര്യം ചെയ്ത രീതിയിൽ തൃപ്തനല്ലെന്നും ഇരയുടെ പിതാവ് പറഞ്ഞു. ഓഗസ്റ്റ് 9 നാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
“ശ്‌മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ മകളുടെ മൃതദേഹമാണ് ആദ്യം സംസ്കരിച്ചത്,” ഇരയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി നീതി ലഭ്യമാക്കുന്നതിനെകുറിച്ചാണ് സംസാരിക്കുന്നത് എന്നാൽ നീതി ആവശ്യപ്പെടുന്ന സാധാരണക്കാരെ ജയിലിലടയ്‌ക്കുകയാണ് മുഖ്യമന്ത്രി. മമതയുടെ നടപടികളിൽ തൃപ്തരല്ല. മകളുടെ ജീവന് പകരമായി നൽകുന്ന അവരുടെ നഷ്ടപരിഹാരവും വാങ്ങില്ലെന്ന് പിതാവ് പറഞ്ഞു.
എന്താണോ യഥാർത്ഥത്തിൽ സംഭവിച്ചത് അതൊന്നുമല്ല സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ പുറത്തുവന്നതെന്ന് പിതാവ് ആരോപിച്ചു. എന്നാൽ സിബിഐ അന്വേഷണത്തിൽ ഫലമുണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിലെയോ ഡിപ്പാർട്ട്മെന്റിലെയൊ ആരും തന്നെ തങ്ങളുമായി സഹകരിക്കാൻ തയാറായില്ലെന്നും എല്ലാവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു. നേരത്തെ ഇരയുടെ അമ്മയും തങ്ങൾക്ക് നീതി ലഭിച്ച ശേഷം മാത്രമേ സംസ്ഥാന സർക്കാരിൽ നിന്ന് നഷ്ടപരിഹാരം സ്വീകരിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു.