ന്യൂഡൽഹി: ഇന്ത്യൻ തീരദേശസേനയുടെ (ICG) ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചെന്നൈ സന്ദർശിക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു രാകേഷ് പാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് (RGGH) എത്തിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കമുള്ളവർ ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഭൗതികദേഹം ഡൽഹിയിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ത്യൻ തീരദേശ സേനയുടെ 25-ാമത് ഡയറക്ടർ ജനറലായിരുന്നു രാകേഷ് പാൽ. നേവൽ അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം 1989ലായിരുന്നു തീരദേശ സേനയുടെ ഭാഗമായത്. 35 വർഷം നീണ്ട കരിയറിനിടെ വിവിധ ചുമതലകൾ നിർവഹിച്ചിരുന്നു.















