പാലക്കാട്: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ പി.കെ ശശിക്കെതിരെ നടപടി. തെരഞ്ഞെടുക്കപെട്ട സ്ഥാനങ്ങളിൽ നിന്നും പി.കെ ശശിയെ മാറ്റി നിർത്തണമെന്ന പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആവശ്യം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ പി.കെ ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. KTDC ചെയർമാനും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ശശിയെ തൽസ്ഥാനത്ത് നിന്നും മാറ്റി. പ്രഥാമികാംഗത്വം മാത്രമാണ് ഇനി ശശിക്കുള്ളത്.
മണ്ണാർക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണത്തിലെ ഫണ്ട് തിരിമറിയും, പികെ ശശി അദ്ധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ശശിക്കെതിരായ ശുപാർശ ജില്ലാ കമ്മിറ്റി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. ശശിക്കെതിരായ ആരോപണങ്ങളിൽ പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയായിരുന്നു അന്വേഷണം നടത്തിയത്.















