കണ്ണൂർ: വയനാട്ടിലെ ദുരിത ബാധിതർക്ക് വീടൊരുക്കാൻ ഡിവൈഎഫ്‌ഐ നടത്തിയ പോർക്ക് (പന്നിയിറച്ചി) ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. എന്താ പന്നിയുടെ കാര്യത്തിൽ മാത്രം ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ആയിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പ്രതികരണം. ഞങ്ങൾ ആരെയെങ്കിലും നിർബന്ധിച്ച് പന്നിയിറച്ചി വാങ്ങിപ്പിച്ചോയെന്നും സനോജ് ചോദിച്ചു.
ഡിവൈഎഫ്‌ഐയുടെ പരിപാടിയിലൂടെ മതനിന്ദ ഒളിച്ചുകടത്തുകയാണെന്ന് സമസ്ത നേതാവും എസ്-വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു. എന്നാൽ കൂടത്തായിമാരുടെ ആഹ്വാനം കേട്ട് കേരളത്തിലെ മുസ്ലീങ്ങൾ എല്ലാവരും ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതുന്നുണ്ടോയെന്ന് ആയിരുന്നു സനോജിന്റെ മറുപടി.
പന്നി കർഷകർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൊടുത്ത വാർത്ത കണ്ടു. അപ്പോൾ ഇസ്ലാം മതവിശ്വാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം സ്വീകരിക്കരുതെന്നാണോ ഇവർ പ്രചരിപ്പിക്കുന്നതെന്ന് സനോജ് ചോദിച്ചു.
കൂടത്തായിമാരുടെ ആഹ്വാനമനുസരിച്ചാണെങ്കിൽ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങാൻ പറ്റുമോയെന്ന് സനോജ് ചോദിച്ചു. സർക്കാർ ജോലിയിലും പ്രവേശിക്കാൻ പറ്റില്ല, കാരണം മദ്യം വിറ്റ പൈസയും ലോട്ടറിയിൽ നിന്നുളള വരുമാനവുമൊക്കെ സർക്കാർ ഖജനാവിൽ എത്തുന്നുണ്ട്.
ഡിവൈഎഫ്‌ഐയുടെ കോതമംഗലം നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പോർക്ക് ഫെസ്റ്റിനെതിരെ മതവാദികൾ രംഗത്തെത്തിയതോടെയാണ് പോർക്ക് ഫെസ്റ്റ് വിവാദമായത്. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഡിവൈഎഫ്‌ഐ പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്നും വികെ സനോജ് പറഞ്ഞു.
പൊതുവായ പരിപാടികൾ നടത്തി ചലഞ്ച് നടത്തുന്നതിന് പകരം ഡിവൈഎഫ്‌ഐ എന്തിനാണ് പോത്ത് ഫെസ്റ്റും പോർക്കും ഫെസ്റ്റും സംഘടിപ്പിക്കുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് ഡിവൈഎഫ്‌ഐയുടെ ലക്ഷ്യമെന്നും ആരോപണം ഉയരുന്നുണ്ട്.