ടൊറന്റോ: ടൊറന്റോയിലെ ഇന്ത്യ ഡേ പരേഡിൽ പങ്കെടുത്തവർക്ക് നേരെ പരസ്യ ഭീഷണിയുമായി ഖലിസ്ഥാനികൾ. ഇന്ത്യ ഡേ പരേഡ് കടന്നുപോകുന്ന വഴിയോരത്ത് ഖാലിസ്ഥാനി പതാകയും ദേശവിരുദ്ധ മുദ്രാവാക്യവുമായി ഇവർ നിലകൊളളുകയായിരുന്നു. പരേഡ് കടന്നുപോകുമ്പോൾ പ്രകോപനം സൃഷ്ടിക്കാനായി ദേശീയപതാക കത്തികൊണ്ട് കുത്തിക്കീറുകയും ചെയ്തു.
അൻപതോളം വരുന്ന ഖലിസ്ഥാനികളാണ് ദേശസ്‌നേഹികളായ ഇന്ത്യക്കാരെ വെല്ലുവിളിച്ച് പാതയോരത്ത് ഖലിസ്ഥാൻ പതാകകളും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചത്. ദേശീയപതാക കുത്തിക്കീറുന്നതും പരേഡ് കടന്നുപോകുമ്പോൾ ഉച്ചഭാഷിണിയിലൂടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ദേശീയപതാകയ്‌ക്ക് മുകളിലൂടെ നടക്കുന്നതും കാണാം.

അതേസമയം ഖാലിസ്ഥാനികളുടെ പ്രകോപനത്തിന് ദേശീയ പതാക ഉയർത്തിവീശിയും ഭാരത് മാതാ കീ ജയ് ഉച്ചത്തിൽ വിളിച്ചുമായിരുന്നു പരേഡിൽ പങ്കെടുത്ത ദേശസ്‌നേഹികൾ മറുപടി നൽകിയത്.
സ്ത്രീകൾ അടക്കമുളള നൂറുകണക്കിനാളുകൾ ഇന്ത്യ ഡേ പരേഡിൽ അണിനിരന്നിരുന്നു. ഇന്ത്യ- കാനഡ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ പനോരമ ഇന്ത്യയാണ് പരേഡ് ഒരുക്കിയത്. നഥാൻ ഫിലിപ്‌സ് ചത്വരം കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ.

ടൊറന്റോ സിറ്റി ഹാളിലായിരുന്നു ഇന്ത്യ ഡേ പരേഡ്. ഖാലിസ്ഥാനി ഗ്രൂപ്പുകൾ മറുപടി റാലിക്ക് തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചിരുന്നതിനാൽ സ്ഥലത്ത് വലിയ പൊലീസ് സംവിധാനവും നിലയുറപ്പിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളമൊരുക്കുകയാണെന്ന് ഇന്ത്യ നേരത്തെ മുതൽ ആരോപിച്ചിരുന്നു.















