നോയിഡ: രക്ഷാബന്ധൻ ദിനത്തിൽ സാധാരണ സഹോദരിമാർ രാഖി കെട്ടിനൽകുമ്പോൾ പകരമായി സഹോദരന്മാർ ഇവർക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. എന്നാൽ ഇത്തവണത്തെ രക്ഷാബന്ധൻ ദിനം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് നോയിഡ പൊലീസ്. ഇന്ന് ഇരുചക്ര വാഹനങ്ങളുമായി നിരത്തുകളിലെത്തുന്ന വനിതാ യാത്രികർക്ക് പിഴയീടാക്കുകയില്ല. പകരം സുരക്ഷിതമായി യാത്ര ചെയ്യാൻ അവർക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്യും. സ്ത്രീകളിൽ ട്രാഫിക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പൊലീസ് ഈ ഒരു ആശയം നടപ്പിലാക്കുന്നത്.
രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കിടയിൽ ഗതാഗത നിയമങ്ങളും സുരക്ഷിത യാത്രയും പ്രോത്സാഹിപ്പിക്കുന്നതിനായി നോയിഡ ട്രാഫിക് പൊലീസ് നഗരത്തിലെ വിവിധ കവലകളിൽ വിപുലമായ ബോധവൽക്കരണ കാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായാണ് ഹെൽമെറ്റുകൾ വിതരണം ചെയ്യുന്നത്. ഇന്നത്തെ ദിവസം സ്ത്രീകൾ ചെറിയ രീതിയിലുള്ള നിയമലംഘനങ്ങൾ നടത്തിയാലും പിഴ ഈടാക്കില്ല. എന്നാൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ രക്ഷാബന്ധൻ മഹോത്സവം ആഘോഷിക്കുന്നു. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ശക്തിപ്പെടുത്തുന്ന ഈ ചടങ്ങ് ഉത്തരേന്ത്യയിൽ വളരെ വിപുലമായി ആഘോഷിക്കാറുണ്ട്. സഹോദരി സഹോദരന് രാഖിബന്ധിക്കുകയും സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്.















