സെരോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് മുംബൈ നഗരത്തിലൂടെ കാമുകിയുമായി ബൈക്കിൽ കറങ്ങുന്ന വീഡിയോ വൈറലാകുന്നു. കാമുകി റിയ ചക്രവർത്തിക്കൊപ്പം ഇൻഷുറൻസ് കാലഹരണപ്പെട്ട ബൈക്കിലാണ് ശതകോടീശ്വരന്റെ നഗരം ചുറ്റൽ. സുസുക്കി ഇൻട്രൂഡർ VZR 1800 ZL2 എന്ന മോട്ടോർസൈക്കിൾ ഹെൽമറ്റും ജാക്കറ്റും ഷോർട്ട്സും ധരിച്ച് നിഖിൽ ഓടിക്കുമ്പോൾ, പിന്നിൽ ഹെൽമറ്റ് ധരിക്കാതെ മുഖത്ത് മാസ്ക് വെച്ചാണ് റിയ ചക്രവർത്തി ഇരിക്കുന്നത്.
സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് ബൈക്കിന്റെ നമ്പർ പരിശോധിച്ച ശേഷം ഇൻഷുറൻസ് കഴിഞ്ഞ വർഷം അവസാനിച്ചതായി കണ്ടുപിടിച്ചത്. ക്രൂയിസർ ബൈക്കുകൾക്ക് പേരുകേട്ട സുസുക്കിയുടെ ഇൻട്രൂഡർ സീരീസിന് കീഴിൽ വരുന്ന ശക്തമായ മോട്ടോർസൈക്കിളാണ് VZR 1800 ZL2 ഇൻട്രൂഡർ. ചില വിപണികളിൽ Suzuki Intruder M1800R എന്നും അറിയപ്പെടുന്ന ഈ നിർത്തലാക്കിയ മോഡലിന് ഇന്ത്യയിൽ ₹15.95 ലക്ഷം മുതൽ ₹16.45 ലക്ഷം വരെയാണ് വില. ഓൺ-റോഡ് വില ₹18 ലക്ഷം വരെയാണ്.
2012 ഏപ്രിലിൽ ബെംഗളൂരുവിലാണ് കാമത്ത് ബൈക്ക് രജിസ്റ്റർ ചെയ്തത്. CarInfo ആപ്പ് നൽകുന്ന വിവരങ്ങളാണ് ചിലർ പങ്കുവെച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ഇൻഷുറൻസ് 2023 ജൂലൈയിൽ അവസാനിച്ചു. ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സഹസ്ഥാപകനാണ് നിഖിൽ കാമത്ത്. അദ്ദേഹവും സഹോദരൻ നിതിൻ കാമത്തും ചേർന്ന് 2010-ൽ സീറോദ സ്ഥാപിച്ചു. തുടർന്ന് നിഖിൽ കാമത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി. 37-കാരനായ അദ്ദേഹം 2020-ൽ അസറ്റ് മാനേജ്‌മെൻ്റ് കമ്പനിയായ ട്രൂ ബീക്കൺ സഹസ്ഥാപിച്ചു. സീറോദ, ട്രൂ ബീക്കൺ എന്നിവയിലെ റോളുകൾക്ക് പുറമേ, അദ്ദേഹം ഒരു ജനപ്രിയ പോഡ്‌കാസ്റ്റും ഹോസ്റ്റുചെയ്യുന്നു.















