കൊൽക്കത്ത: സംസ്ഥാനത്തെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തിയെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ക്രൂര കൊലപാതകത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന നിഷ്ക്രിയത്വത്തെ അദ്ദേഹം വിമർശിച്ചു.
“ബംഗാൾ സ്ത്രീകൾക്ക് സുരക്ഷിത സ്ഥലമല്ലാതെയായി മാറിയിരിക്കുന്നു. ഈ സമൂഹമല്ല, മമത സർക്കാരാണ് സംസ്ഥാനത്തെ സ്ത്രീകളെ പരാജയപ്പെടുത്തിയത്. സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ടായിരുന്നു പഴയ അവസ്ഥയിലേക്ക് ബംഗാളിനെ തിരിച്ചുകൊണ്ടുവരണം. സർക്കാർ സൃഷ്‌ടിച്ച ഗുണ്ടകളെയാണ് ഇവിടുത്തെ സ്ത്രീകൾ ഭയക്കുന്നത്. ഈ വിഷയത്തിൽ മമത സർക്കാർ നിസ്സംഗത തുടരുകയാണ്,”അദ്ദേഹം ആരോപിച്ചു.
ബംഗാളിൽ സ്ത്രീകൾക്ക് സംരക്ഷണമില്ലെന്നാണ് സർക്കാർ ഉറപ്പു നൽകിയത്. അതാണ് ദാരുണമായ ഈ ദുരന്തത്തിന് ശേഷവും പ്രതിഫലിക്കുന്നത്. ഇതിനിയും ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഗവർണർ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും.
കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രിക്കും ഗവർണർക്കും കത്തയച്ചിരുന്നു. ഇതിനുപിന്നാലെ ബംഗാളിലെ വിവിധ സമൂഹങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികൾ അവരെ അറിയിക്കുമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഗവർണറുടെ ഓഫീസ് വ്യകതമാക്കി. ഇത് സംബന്ധിച്ച നടപടികൾ ഹർഭജൻ സിംഗുമായും ചർച്ച ചെയ്യുമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.