പാകിസ്താൻ മുൻ പ്രസിഡന്റ് ഇമ്രാൻഖാന്റെ ഭാര്യ ബുഷ്റാ ബീബിയുടെ ആത്മീയ ശക്തി തട്ടിപ്പെന്ന് വെളിപ്പെടുത്തലുമായി പാക് ദിനപത്രം. ബുഷ്റ ബീബി ഇത്രയും കാലം തനിക്ക് പ്രവചന ശക്തിയുണ്ടെന്ന് പറഞ്ഞ് ഇമ്രാൻഖാനെ കബളിപ്പിക്കുകയായിരുന്നു. ബുഷ്റാ ബീവിയും അറസ്റ്റിലായ ഐഎസ്ഐ മുൻ ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ (റിട്ട) ഫായിസ് ഹമീദും തമ്മിലുള്ള വഴിവിട്ട ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനറൽ ഹമീദുമായി ബുഷ്‌റാ ബീബിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇമ്രാൻ പ്രധാനമന്ത്രിയായിരുന്ന സമയത്തെ ഐഎസ്ഐ മേധാവി ആയിരുന്നു ഫായിസ് ഹമീദ്. ഇമ്രാനെ അറിയിക്കുന്നതിന് മുമ്പേ ഹമീദ് ബുഷ്റാ ബീബിക്ക് പല രഹസ്യവിവരങ്ങളും മുൻകൂറായി കൈമാറിയിരുന്നു. ഇക്കാര്യങ്ങൾ ബുഷ്റാ ബീബി തന്റെ പ്രവചനം പോലെ ഇമ്രാന് മുന്നിൽ അവതരിപ്പിച്ചു. ഇതിൽ പലകാര്യങ്ങളും ഫലിച്ചപ്പോൾ തന്റെ ഭാര്യയ്‌ക്ക് ദൈവിക ശക്തിയുണ്ടെന്ന് ഇമ്രാൻ വിശ്വസിച്ചു. ഇമ്രാൻ പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇതോടെ പാക് മാദ്ധ്യമങ്ങളും ജനങ്ങളും ബുഷ്റാ ബിബിയെ ആത്മീയ പരിവേഷത്തോടെ നോക്കി കാണാൻ തുടങ്ങി.
ഇമ്രാൻ ഖാന്റെ മൂന്നാമത്തെ ഭാര്യയാണ് ബുഷ്റാ ബീബി. ഇമ്രാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് ആറ് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ക്യാമറക്കണ്ണുകളിൽനിന്ന് അകന്നുനിന്ന ബുഷ്‌റാ 2018 ഫെബ്രുവരിയിലാണ് ഇമ്രാന്റെ ജീവിതസഖിയാകുന്നത്. ലാഹോറിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. അന്ന് തന്റെ നാൽപതുകളിലായിരുന്നു ബുഷ്‌റാ ബീബി. ഇമ്രാൻ ഖാന്റെ പ്രായം 66. ബുഷ്‌റയുടെ വ്യക്തിത്വവും ബുദ്ധിയുമാണ് അവളിലേക്ക് തന്നെ അടുപ്പിച്ചത് എന്നായിരുന്നു ഇമ്രാൻ പറഞ്ഞിരുന്നത്. എന്നാൽ ബുഷ്‌റയ്‌ക്ക് ചില നിഗൂഢ ശക്തികളുണ്ടെന്ന് ഇമ്രാൻ വിശ്വസിച്ചിരുന്നുവെന്നും തന്റെ ഉപദേഷ്ടാവ് എന്ന നിലയിലാണ് ഇമ്രാൻ അവരെ ജീവിതത്തിലേക്ക് ക്ഷണിച്ചതെന്നും ആരോപണങ്ങളുണ്ടായി.
മുൻ ഐഎസ്ഐ മേധാവി ഫായിസ് ഹമീദിനെ ദിവസങ്ങൾക്ക് മുമ്പാണ് സൈന്യം അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇമ്രാന്റെ വിശ്വസ്തനായാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.