ന്യൂഡൽഹി: വയനാട്ടിലെ ദുരിതബാധിതരിൽ നിന്നും ഇഎംഐ പിടിച്ചത് സാങ്കേതിക പിഴവ് കാരണമെന്ന് വ്യക്തമാക്കി ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ. മൂന്ന് പേരുടെ കാര്യത്തിലാണ് പിഴവ് സംഭവിച്ചതെന്നും ഇഎംഐ ആയി പിടിച്ച തുക ദുരിതബാധിതരുടെ അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്യാൻ നിർദേശം നൽകിയതായും ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ വിമല വിജയ ഭാസ്‌കർ പറഞ്ഞു.
” വായ്പകൾ എടുത്ത അക്കൗണ്ടുകളിലേക്ക് പണം എത്തുമ്പോൾ ഓട്ടോമാറ്റിക്കായി തുക ഈടാക്കുകയെന്ന സംവിധാനം കാരണമാണ് ദുരിതബാധിതരിൽ നിന്നും ഇഎംഐ പിടിച്ചത്. ഇത്തരം സംവിധാനങ്ങൾ ഉപഭോക്താവ് തന്നെ ക്രമീകരിച്ചതുമാകാം. ഇതുപോലുള്ള സാങ്കേതിക പിഴവുകൾ കൃത്യമായി പരിശോധിക്കും. ദുരിതബാധിതരിൽ നിന്നു പണം ഈടാക്കരുതെന്ന നിർദേശം ഓരോ ബ്രാഞ്ചുകൾക്കും നൽകിയിട്ടുണ്ട്.”- വിമല വിജയ ഭാസ്‌കർ പറഞ്ഞു.
പരാതികൾ ലഭിച്ചതിനെ തുടർന്ന് സംഭവം വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ നിന്നും മൂന്ന് അക്കൗണ്ടുകളിൽ നിന്നാണ് തുക ഈടാക്കിയതായി കണ്ടെത്തിയത്. ഈ അക്കൗണ്ടുകളിലേക്ക് പണം റീഫണ്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി. ജില്ലാ കളക്ടറിൽ നിന്നും നോട്ടീസ് ലഭിച്ചിരുന്നു. സംഭവം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. കളക്ടർക്ക് വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും വിമല വിജയ ഭാസ്‌കർ പറഞ്ഞു.
വായ്പകൾ പൂർണമായും എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധിക്കും. വിലങ്ങാട്ടെ ദുരിതബാധിതനിൽ നിന്നും പണം പിടിച്ചതും പരിശോധിക്കും. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അവർ വ്യക്തമാക്കി.
അടിയന്തര സഹായമായി സർക്കാർ നൽകിയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഇഎംഐ പിടിച്ചതിൽ ബാങ്കുകൾക്ക് നേരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ റൈഹാനത്ത്, റീന, മിനിമോൾ എന്നിവരുടെ അക്കൗണ്ടുകളിൽ നിന്നാണ് തുക ഈടാക്കിയതെന്ന് ബാങ്ക് ചെയർപേഴ്‌സൺ വ്യക്തമാക്കി.