തിരുവനന്തപുരം: അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 30000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യമാണ് എടുത്തത്. ചാനൽ ചർച്ചയ്‌ക്കിടെ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ നടത്തിയ പരാമർശത്തിലാണ് കേസ്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് എം വി ഗോവിന്ദൻ ഹാജരായത്.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയെങ്കിലും എംവി ഗോവിന്ദൻ ഇതുവരെ ഹാജരായിരുന്നില്ല. തുടർന്ന് കോടതി ഇന്ന് ഹാജരാകണമെന്ന് കർശന നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് സിപിഎം സെക്രട്ടറി കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്.
ഇന്ത്യൻ ഭരണഘടനയ്‌ക്ക് പകരം മനുസ്മൃതി കൊണ്ട് വരണമെന്നും ഭരണ ഘടന കത്തിക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞുവെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. ഇത്തരം വ്യാജ പരാമർശങ്ങൾ തിരുത്തണമെന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും ഗോവിന്ദൻ തയ്യാറായില്ല.
ഇതോടെ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് നൽകിയ മറുപടിയിലും പരാമർശം ഗോവിന്ദൻ തിരുത്തിയില്ല. ഇതിന് പിന്നാലെ ഗോപാലകൃഷ്ണൻ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. കേസ് ഒക്ടോബർ 19ന് വീണ്ടും പരിഗണിക്കും.















