ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാക്കാൻ മുത്തലാഖ് കാരണമായെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. വിവാഹമെന്ന സാമൂഹിക സ്ഥാപനത്തിന് മുത്തലാഖ് വിനാശം ചെയ്യുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമ നിര്‍മാണത്തിനെതിരെ കേരള ജം ഇയ്യത് നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍ സത്യവാങ്മൂലം.
2017ൽ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. എന്നാൽ ഇതോന്നും മുത്തലാഖ് വഴിയുള്ള വിവാഹമോചനങ്ങളുടെ എണ്ണം കുറയാൻ കാരണമായില്ല. മുസ്ലീം സമുദായം ഇപ്പോഴും മുത്തലാഖിന് സാധുതയുള്ളതായി കരുതിയിരുന്നുവെന്നും സർക്കാർ പറഞ്ഞു.
മുത്തലാഖിന്റെ ഇരകളായ സ്ത്രീകൾക്ക് നിയമ സംരക്ഷണം ലഭിക്കാൻ പൊലീസിനെ സമീപിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. എന്നാൽ നിയമത്തിൽ ആവശ്യമായ ശിക്ഷാനടപടികൾ ഇല്ലാത്തതിനാൽ പൊലീസിന് ശക്തമായ നടപടി എടുക്കാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ ഭർത്താക്കൻമാർ രക്ഷപ്പെടുന്നു.
ഇത് തടയാൻ കർശനമായ നിയമകൊണ്ടുവരേണ്ടത് അടിയന്തര ആവശ്യമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.