ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെയ്‌ക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് മാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കും. സർക്കാരിനുള്ള ഉത്തരവാദിത്വം സുതാര്യമാണെന്നും റിപ്പോർട്ട് പ്രസിദ്ധീകരിക്കണ്ടെന്ന് പറഞ്ഞത് വിവരാവകാശ കമ്മീഷനാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് സർക്കാർ വലിയ ഇടപെടലുകൾ നടത്തി. സസിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മറ്റിയെ നിയോഗിച്ചത്.
സംഘടനാപരമായ പരാതികൾ കിട്ടിയിട്ടുണ്ടെങ്കിലും മന്ത്രിയായി മൂന്നര വർഷത്തിനിടയ്‌ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ല. പരാതിയുള്ളവർക്ക് അത് രഹസ്യമായി അറിയിക്കാവുന്നതാണ്. നിർഭയമായി പരാതി നൽകാമെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീ വിരുദ്ധതയ്‌ക്കും ലൈംഗികതയ്ക്കുമാണ് സ്ത്രീകളെ തൊഴിലിടങ്ങളിൽ ഉപയോഗിക്കുന്നതെന്ന് തുടങ്ങി ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന് മുൻപാകെ മൊഴി നൽകിയ 51 പേരുടെ മൊഴികളാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.