മുംബൈ: രക്ഷാബന്ധൻ ദിനത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരന്റെ ഓർമ്മകളിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ സഹോദരി ശ്വേതാ സിംഗ് കൃതി. ഒരു നല്ല നടൻ മാത്രമല്ല ഒരു മികച്ച മനുഷ്യനാകാനും താൻ പരമാവധി ശ്രമിക്കുമെന്ന് സുശാന്ത് പറയുന്ന വീഡിയോക്ക് ഒപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ശ്വേത, സഹോദരന് രക്ഷാബന്ധൻ ആശംസകൾ നേർന്നു.
“എന്റെ പ്രിയപ്പെട്ട സഹോദരന് രക്ഷാബന്ധൻ ആശംസകൾ. ദൈവങ്ങളോടൊപ്പം ഉന്നതങ്ങളിൽ നിങ്ങൾ എപ്പോഴും സുരക്ഷിതനും സന്തോഷവാനുമായി തുടർന്നെന്ന് പ്രതീക്ഷിക്കുന്നു,” ശ്വേത കുറിച്ചു.
2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ജൂണിൽ അദ്ദേഹത്തിന്റെ നാലാം ചരമവാർഷികത്തിലും ശ്വേത സോഷ്യൽ മീഡിയയിൽ വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു. സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയണം. എത്രയും പെട്ടന്ന് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സർക്കാരിലും നീതിന്യായ വ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ടെന്നും ശ്വേത പറഞ്ഞു.
‘കിസ് ദേശ് മേ ഹേ മേരാ ദിൽ’ പോലുള്ള ടിവി ഷോകളിലൂടെ കരിയർ തുടങ്ങിയ സുശാന്ത് അധികം വൈകാതെ ബോളിവുഡിലേക്കും ചുവടുവെച്ചു. ‘കൈ പോ ചെ’, ‘എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി’, ‘ശുദ്ധ് ദേസി റൊമാൻസ്’, ചിച്ചോർ തുടങ്ങിയ ജനപ്രീയ ചിത്രങ്ങളിലൂടെ വളരെ വേഗം തന്നെ സുശാന്ത് സിനിമ മേഖലയിൽ തന്റേതായ ഇടം ഉറപ്പിച്ചു. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ‘ദിൽ ബേച്ചാര’ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്.