ബേൺ: തടാകങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ടൺ ആയുധങ്ങൾ നീക്കം ചെയ്യാൻ മാർഗം തേടി സ്വിറ്റ്‌സർലൻഡ്. പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നവർക്ക് 50,000 ഫ്രാങ്ക് (ഏകദേശം 50 ലക്ഷം രൂപ) യാണ് പാരിതോഷികമായി നൽകുന്നത്. പ്രഖ്യാപനം കേട്ടയുടനെ ആളുകൾ പാഞ്ഞെത്തും എന്ന് വിചാരിക്കുന്നവർക്ക് തെറ്റി. കാരണം ഈ പ്രശ്നം അത്ര നിസാരമായി കൈകാര്യം ചെയ്യാൻ പറ്റുന്നതല്ലെന്ന് സ്വിറ്റ്സർലൻഡുകാർക്ക് അറിയാം.
ലൂസേൺ തടാകത്തിൽ ഏകദേശം 3,300 ടണ്ണും ന്യൂചാറ്റെൽ തടാകത്തിൽ 4,500 ടണ്ണും ആയുധങ്ങളാണ് അടിഞ്ഞുകിടക്കുന്നത്. സ്വിസ് സൈന്യം ഉപേക്ഷിച്ച ആയുധങ്ങളാണിവ. 1918 നും 1964 നും ഇടയിലെ ശീതയുദ്ധ കാലഘട്ടത്തിൽ ന്യൂചാറ്റെൽ, തുൺ, ബ്രിയൻസ്, ലൂസേൺ തുടങ്ങിയ തടാകങ്ങൾ പഴയ യുദ്ധോപകരണങ്ങൾ ഉപേക്ഷിക്കാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു. ഇങ്ങനെയാണ് ഇത്രയധികം ആയുധശേഖരം തടാകങ്ങളിൽ അടിഞ്ഞുകൂടിയത്.
ഇവ പുറത്തെടുക്കുക അത്ര എളുപ്പമല്ല. ചില ആയുധങ്ങൾ 150-220 മീറ്റർ ആഴത്തിലാണ് കിടക്കുന്നത്, മറ്റുള്ളവ ഉപരിതലത്തിൽ നിന്ന് ആറോ ഏഴോ മീറ്റർ താഴെയാണ്. സ്ഫോടന സാധ്യത, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം ഇവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. മാത്രമല്ല ഈ ആയുധങ്ങൾക്ക് മുകളിൽ ഒരു എക്കൽ പാളി രൂപപ്പെട്ടിട്ടുണ്ട്. വൃത്തിയാക്കൽ ശ്രമങ്ങൾക്കിടയിൽ ഈ പാളിയിൽ ഇളക്കം തട്ടിയാൽ ഇത് തടാകത്തിലെ ഓക്സിജൻ ലഭ്യത കുറയ്‌ക്കുകയും മുഴുവൻ ആവാസ വ്യവസ്ഥയും നശിക്കാൻ ഇടയാക്കുകയും ചെയ്യും.
വീണ്ടെടുക്കൽ പ്രവർത്തനം ദൈർഘ്യമേറിയതും ചെലവേറിയതുമാണെന്ന് സ്വിസ് സർക്കാരിനറിയാം. ഇതിന് കോടിക്കണക്കിന് ചിലവ് വരുമെന്ന് കണക്കാക്കുന്നു. അതിനാലാണ് സ്വിസ് പ്രതിരോധ വകുപ്പ് യുദ്ധോപകരണങ്ങൾ വീണ്ടെടുക്കുന്നതിനുള്ള സുരക്ഷിതവും പാരിസ്ഥിതികവുമായ പരിഹാരത്തിനായി ആശയങ്ങൾ തേടുന്നത്. അടുത്ത വർഷം ഫെബ്രുവരിവരെ പൊതുജങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം.















