മലയാള സിനിമാ മേഖലയിലെ ഇരുണ്ട സത്യങ്ങളടങ്ങിയ ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്‌ത്തിവയ്‌ക്കപ്പെട്ടത് നാലര വർഷത്തിലേറെ കാലമായിരുന്നു. വലിയ ചർച്ചകൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ റിപ്പോർട്ട് പുറത്തുവന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിലെ നിയമ നാൾവഴികൾ നോക്കാം..
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി റിട്ട. ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയും നടി ശാരദ, റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി കെ.ബി വൽസല കുമാരി എന്നിവർ അംഗങ്ങളുമായ കമ്മീഷനെ 2017-ലാണ് സർക്കാർ നിയോഗിക്കുന്നത്. വിവിധ സിറ്റിംഗുകളിലൂടെ ചലച്ചിത്ര മേഖലയിലെ നിരവധി പേരുടെ മൊഴികൾ കമ്മീഷൻ രേഖപ്പെടുത്തുകയും, തെളിവുകൾ കൈമാറുകയും ചെയ്തു.
2019 ഡിസംബർ 31ന് ജസ്റ്റിസ് കെ.ഹേമ കമ്മീഷൻ സംസ്ഥാന സർക്കാർ മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള നാളുകളിൽ റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യവുമായി പലരും രംഗത്ത് വന്നെങ്കിലും ആദ്യ ഘട്ടങ്ങളിൽ പരാജയമായിരുന്നു ഫലം. 2020ൽ വിവരാവകാശ കമ്മീഷനു മുന്നിൽ അപേക്ഷ എത്തിയെങ്കിലും അവ തള്ളി. സ്വകാര്യത സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നുവെന്നതായിരുന്നു കാരണം. ശേഷം വിവരാവകാശ കമ്മീഷൻ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നിൽ അപ്പീൽ എത്തിയതായിരുന്നു നിർണ്ണായക ഘട്ടം. ഹർജികളിൽ വാദം കേട്ട അപ്പലേറ്റ് അതോറിറ്റി, സ്വകാര്യത സംബന്ധിച്ച ഭാഗങ്ങൾ ഒഴിവാക്കി ഹേമ കമ്മീഷൻ റlപ്പോർട്ട് പുറത്തുവിടാൻ 2024 ജൂലൈ അഞ്ചിന് ഉത്തരവിട്ടു. അതിനു ശേഷം ജൂലൈ 19ന് ഹൈക്കോടതിയിലേക്ക് ഹർജി എത്തിയതോടെയാണ് റിപ്പോർട്ട് പുറത്തു വിടുന്നതിൽ വീണ്ടും അനിശ്ചിതത്വം ഉണ്ടായത്.
ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടാൻ ഒരു മണിക്കൂർ ശേഷിക്കെ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇതു തടഞ്ഞു കൊണ്ട് ഇടക്കാല സ്റ്റേ ഉത്തരവിറക്കി. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി പിന്നീട് ഈ മാസം 13ന് സിംഗിൾ ബെഞ്ച് തള്ളുകയും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരിലൊളായ നടി രഞ്ജിനി അപ്പീലുമായി കഴിഞ്ഞയാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ ശനിയാഴ്ച റിപ്പോർട്ട് പുറത്തു വിടുന്നതിൽ വീണ്ടും തടസം നേരിട്ടു.
രഞ്ജിനിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയും സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം നൽകുകയും ചെയ്തതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് 2024 ഓഗസ്റ്റ് 19ന് ഉച്ചയ്‌ക്ക് 2.30യ്‌ക്ക് പുറത്തുവിടാൻ തീരുമാനമായി. അതിനിടയിൽ റിപ്പോർട്ട് പുറത്തു വിടുന്നത് സ്റ്റേയിലൂടെ അടിയന്തരമായി തടയണമെന്ന രഞ്ജിനിയുടെ അഭിഭാഷകന്റെ ആവശ്യം സിംഗിൾ ബെഞ്ചും തള്ളിയ സാഹചര്യത്തിൽ എല്ലാ അനിശ്ചിതത്വങ്ങളും നീങ്ങുകയായിരുന്നു.















