എറണാകുളം: ഒട്ടനവധി നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ കുറെ നാളുകളായി കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹേമ കമ്മിറ്റിയുടെ മുമ്പാകെ മൊഴി നൽകിയ വ്യക്തിയാണ് താനും. മുഴുവൻ സിനിമ മേഖലകളിലും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ട്. സിനിമ മേഖലയിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് ഇപ്പോൾ കണ്ടെത്തി. ഇനി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിലും വ്യക്തത ആവശ്യമാണ്. ചിലരുടെ സംസാരവും പെരുമാറ്റവും പലപ്പോഴും അപമാനിക്കുന്ന തരത്തിലാണ്.
അനുഭവിക്കുന്ന കാര്യങ്ങൾ പുറത്ത് പറയാൻ സ്ത്രീകൾ തയ്യാറാകുന്നില്ല. അതുകൊണ്ടാണ് അവർ രേഖാമൂലം പരാതി നൽകാത്തത്. 50,000 -ഓളം കലാകാരന്മാർ ജോലി ചെയ്യുന്ന ഇടമാണ് സിനിമ മേഖല. മറ്റ് മേഖലകൾ പോലെയല്ല, ഇവിടെ ഒരാൾക്ക് ഒരാളെ വേണ്ടായെന്ന് പറയാൻ വളരെ എളുപ്പമാണ്. ഒരു സ്ത്രീയ്‌ക്ക് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. പക്ഷേ അത് ഇവിടെ ഉണ്ടാകുന്നില്ല. നടിക്കെതിരെ ഒരും സംഭവമുണ്ടായപ്പോൾ അവളോടൊപ്പം എത്ര പേരാണ് നിന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നടിമാർക്കെതിരെയും നടിമാരുടെ ബന്ധുക്കളായ സ്ത്രീകൾക്കെതിരെയും ലൈംഗികാതിക്രമങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈംഗികമായി വഴങ്ങുന്നവർക്ക് മാത്രമാണ് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നത്. പരാതി പറയുന്നവരെ ഫീൽഡ് ഔട്ടാക്കുന്നു. ഒരു പ്രമുഖ സംവിധായകനെതിരെയും റിപ്പോർട്ടിൽ ശക്തമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.















