ന്യൂഡൽഹി: ജൂലൈ മാസത്തിൽ പറന്നത് 1.29 കോടി ആഭ്യന്തര യാത്രക്കാരെന്ന് റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് കണക്കുകൾ പുറത്തുവിട്ടത്. രണ്ട് വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 7.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ ജൂൺ മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ജൂണിൽ 1.32 കോടി പേരാണ് വിമാനയാത്ര നടത്തിയത്.
ആഭ്യന്തര വിമാന സർവീസിൽ ഇൻഡിഗോയാണ് മുൻപിൽ. 62 ശതമാനത്തിന്റെ കുതിപ്പ് ഇൻഡിഗോ സൃഷ്ടിച്ചപ്പോൾ എയർ ഇന്ത്യക്ക് 14.3 ശതമാനത്തിന്റെ കുറവാണ് സർവീസിലുണ്ടായത്. വിസ്താരയുടെ ആഭ്യന്തര വിപണി വിഹിതം 10 ശതമാനമായി ഉയർന്നപ്പോൾ എഐഎക്സ് കണക്ട്, സ്പൈസ് ജെറ്റ് എന്നിവ യഥാക്രമം 4.5 ശതമാനമായും 3.1 ശതമാനമായും കുറഞ്ഞു.
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 923.35 ലക്ഷം യാത്രക്കാരാണ് വിമാന മാർഗം സഞ്ചരിച്ചത്. മുൻ വർഷം ഇത് 881.94 ലക്ഷമായിരുന്നു. 4.70 ശതമാനത്തിന്റെ വാർഷിക വളർച്ചയും 7.33 ശതമാനം പ്രതിമാസ വളർച്ചയുമാണ് രേഖപ്പെടുത്തിയതെന്ന് ഡിജിസിഎ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.