കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻറെ വീട്ടിലെത്തി ഈശ്വർ മാൽപെ. കുടുംബത്തിന് ധൈര്യം പകരാനാണ് അദ്ദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുംവരെ തിരച്ചിൽ നടത്തുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി.
വെള്ളത്തിലിറങ്ങാൻ അനുമതി ലഭിക്കാൻ പ്രയാസമുള്ള സാഹചര്യമാണുള്ളതെന്ന് മാൽപെ പറഞ്ഞു. 30 അടിയോളം താഴ്ചയിലാണ് മണ്ണടിഞ്ഞിട്ടുള്ളത്. അത് നീക്കം ചെയ്ത് ഡ്രെഡ്ജിംഗ് മെഷീൻ ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇനി വേണ്ടതെന്നും മാൽപെ പറഞ്ഞു. അഞ്ച് ദിവസത്തോളം ഡ്രെഡ്ജിംഗ് നടത്തേണ്ടി വരും. ഡ്രെഡ്ജിംഗ് മെഷീൻ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ നിലപാട്. കേരള സർക്കാരും വിഷയത്തിൽ ഇടപെടണമെന്നും മാൽപെ ആവശ്യപ്പെട്ടു.
വെള്ളത്തിലിറങ്ങാനുള്ള അനുമതി ലഭിക്കാനാണ് ഏറെ ബുദ്ധിമുട്ടെന്നും അദ്ദേഹം ആരോപിച്ചു. ഒരു ദിവസം വെള്ളത്തിൽ ഇറങ്ങാൻ അനുവദിച്ചാൽ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കും. ഇതെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 33 ദിവസമായി കാത്തിരിക്കുകയാണ് കുടുംബം. കോട്ടയ്‌ക്കലിൽ നിന്നും ടൈലുമായി മൈസൂരിലേക്ക് പോയ അർജുൻ 15-നാണ് ബെൽഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് തിരിച്ചത്. 16-നാ രാവിലെയാണ് അർജുനെ മണ്ണെടുത്തത്. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്തിയെങ്കിലും അർജുനെ കണ്ടെത്താനായില്ല. വെള്ളത്തിൽ കാണാതാകുന്നവർക്കായി തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകനാണ് കർണാടക സ്വദേശിയായ ഈശ്വർ മാൽപെ.















