രോമാഞ്ചം, ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘റഫ് ആൻഡ് ടഫ് ഭീകരൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അജു വർഗീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
നവാഗതനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകനായ എബ്രിഡ് ഷൈനാണ്. J&A സിനിമാ ഹൗസ് എന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന കോമഡി എൻ്റർടൈൻമെന്റ് ചിത്രമാണിത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോമോൻ ജ്യോതിർ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

1983 എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിലൂടെയാണ് എബ്രിഡ് ഷൈൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആക്ഷൻ ഹീറോ ബിജു, പൂമരം, ദി കുങ്ഫു മാസ്റ്റർ, മഹാവീര്യർ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ബിജു മേനോൻ ചിത്രമായ വെള്ളിമൂങ്ങയിലൂടെയാണ് ജിബു ജേക്കബ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും, മേം ഹൂ മൂസ എന്നീ ചിത്രങ്ങളും ജിബു ജേക്കബ് സംവിധാനം ചെയ്തു. ജിബു ജേക്കബും എബ്രിഡ് ഷൈനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആൾട്ടർ ഈഗോ ടീമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.















