ഷില്ലോംഗ്: മേഘാലയയിൽ ഇനിയുളളത് ഒരു കോൺഗ്രസ് എംഎൽഎ മാത്രം. നാല് കോൺഗ്രസ് എംഎൽഎമാരിൽ മൂന്ന് പേരും രാജിവച്ച് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മൂവരും എൻപിപിയിൽ ചേർന്നത്.
മവാത്തി മണ്ഡലത്തിൽ നിന്നുളള ചാൾസ് മാൺഗാർ, അംസ്‌നിംഗ് മണ്ഡലത്തിലെ ഡോ. സെലിസ്റ്റിൻ ലിങ്‌ദോ, നോങ്‌സ്‌റ്റോയിൻ മണ്ഡലത്തിലെ ഗബ്രിയേൽ വലാങ് എന്നിവരാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്.
എൻഡിഎ സർക്കാരിന്റെ വികസന കാഴ്ചപ്പാടിനുളള അംഗീകാരമാണ് ഇവരുടെ കടന്നുവരവെന്ന് കോൺറാഡ് സാംഗ്മ പറഞ്ഞു.
ഇതോടെ 60 അംഗ മേഘാലയ നിയമസഭയിൽ എൻപിപിക്ക് 31 അംഗങ്ങളായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ നിയമസഭയിലെ എൻഡിഎ അംഗബലം 46 ആയി ഉയർന്നു. ബിജെപിക്ക് രണ്ട് അംഗങ്ങളും യുണൈറ്റഡ് ഡെമോക്രാറ്റ്ക് പാർട്ടിക്ക് 12 അംഗങ്ങളും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്ക് രണ്ട് അംഗങ്ങളുമാണുളളത്. രണ്ട് സ്വതന്ത്ര അംഗങ്ങളും എൻഡിഎയെ പിന്തുണയ്‌ക്കുന്നുണ്ട്.
മൂന്ന് എംഎൽഎമാർ കൂടി പാർട്ടി വിട്ടതോടെ മേഘാലയ നിയമസഭയിൽ കോൺഗ്രസിന് ഇനിയുളളത് ഒരംഗം മാത്രമാണ്. ഇൻഡി സഖ്യത്തിന്റെ നിയമസഭയിലെ അംഗബലം 13 ആയി കുറയുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളും വോയിസ് ഓഫ് ദ പീപ്പിൾ പാർട്ടിക്ക് നാല് അംഗങ്ങളുമാണുളളത്.















