കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി ശരിയാണെന്ന് പറയാനാകില്ലെന്ന് സംവിധായകൻ വിജി തമ്പി. സിനിമ ഒരു ഉപജീവനമാർഗമായി കണ്ട് ഈയാംപാറ്റകളെപ്പോലെ വരുന്നവരായിരുന്നു പണ്ടുളളവർ. ഇന്ന് അങ്ങനെയല്ല, വിദ്യാസമ്പന്നരും സാമൂഹികമായ കാഴ്ചപ്പാടുളളവരുമാണ് സിനിമയിലെത്തുന്ന പെൺകുട്ടികൾ. അവരെ ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്ന് വിജി തമ്പി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ തലമുറയുടെ ചില മോശം ശീലങ്ങൾ സിനിമയിലും ഉണ്ട്. വിവാഹം പോലുളള മംഗളമായ കർമ്മങ്ങൾ ഉപേക്ഷിച്ച് ലിവിങ് ടുഗതർ പോലുളള കാര്യങ്ങളാണ് നടക്കുന്നത്. പിന്നൈ ഒരാളോടല്ല, പലരോടും ബന്ധം അങ്ങനെയൊക്കെ ഇന്നത്തെ കാലഘട്ടത്തിൽ നടക്കുന്നുണ്ട്. അല്ലാതെ വേഷം തരണമെങ്കിൽ പല കാര്യങ്ങളിലും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് പറഞ്ഞാൽ കേൾക്കുന്ന പെൺകുട്ടികളാണ് ഇന്നുളളത് എന്ന് തോന്നുന്നില്ലെന്നും വിജി തമ്പി പറഞ്ഞു.
സിനിമയെ മുഴുവൻ ഇന്ന് വിഴുങ്ങിയിരിക്കുന്നത് ലഹരിയാണ്. പണ്ടത്തെ മദ്യത്തിൽ നിന്ന് മാറി സിന്തറ്റിക് ഡ്രഗ്‌സിലേക്ക് വരുമ്പോൾ നമ്മൾ പത്രങ്ങളിലൊക്കെ കാണുന്നതുപോലെ സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാത്ത മാനസിക അവസ്ഥയിലേക്ക് വരും. അപ്പോൾ നടിമാരോട് മോശമായി പെരുമാറാം. അങ്ങനെ ഉണ്ടായിക്കൂടെന്നില്ല.
ഇന്നിപ്പോൾ കാരവാൻ സംസ്‌കാരമാണ്. ഷോട്ട് കഴിഞ്ഞാൽ നേരെ കാരവാനിലേക്ക് പോകുകയാണ്. അതിനുളളിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. കാരവാൻ പരിശോധിച്ചാൽ മാത്രം മതി സിനിമയിലെ മയക്കുമരുന്ന് മാഫിയയെ പുറത്തുകൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടീനടൻമാരും സാങ്കേതിക പ്രവർത്തകരും എല്ലാവരും ചേർന്നിരുന്ന് ഡ്രഗ്‌സ് ഉപയോഗിക്കുന്നുണ്ട്. സർക്കാർ ഇതാണ് ഗൗരവത്തിലെടുക്കേണ്ടത്. ഐടി മേഖലയിൽ ഉൾപ്പെടെ ഇതേപോലുളള കാര്യങ്ങൾ നടക്കുന്നുണ്ട്. സിനിമ ഒരു സെലിബ്രിറ്റി മേഖലയായതുകൊണ്ടും അവിടുത്തെ നടീനടൻമാരെ ആളുകൾ ആരാധിക്കുന്നതുകൊണ്ടും അത് എടുത്തുപറയുന്നു. കോളജുകളിലും സ്‌കൂളുകളിലും ലഹരിക്ക് അടിമപ്പെട്ടിരിക്കുകയാണെന്നും വിജി തമ്പി ചൂണ്ടിക്കാട്ടി.
പുതിയ തലമുറയ്‌ക്കിടയിൽ ലഹരി വലിയ ശാപമായി മാറി. ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് ഒരു കോക്കസ് ആണ്. മലയാളത്തിലെ പ്രമുഖരെന്ന് വിചാരിക്കുന്ന പല നടീനടൻമാരും ഛായാഗ്രാഹകൻമാരും ലഹരിക്ക് അടിമപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ സീനിയറായ സംവിധായകർക്ക് പുതിയ നടീനടൻമാരെ വച്ച് പടം ചെയ്യാനാകാത്ത സ്ഥിതിയാണ്. അവരുടേതായ ലോകമാണവിടെ. എല്ലാം ബ്രോ ബ്രോ ലെവലിൽ പോകുന്നതാണ് അവർക്ക് താൽപര്യം. ഇയാളുടെ സെറ്റിൽ ഇതൊന്നും നടക്കില്ലെന്ന് വരുമ്പോൾ ആ പ്രൊജക്ടുമായി സഹകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും വിജി തമ്പി പറഞ്ഞു.