കൊച്ചി: സാമൂഹിക മാദ്ധ്യമത്തിലൂടെ അമ്മയെ അശ്ലീലം പറഞ്ഞെന്ന സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സൈബർ പൊലീസ് ആണ് സുധി എസ് നായർ എന്ന ഫേസ്ബുക്ക് പേജ് ഉടമയ്‌ക്കെതിരെ കേസെടുത്തത്. ഗോപി സുന്ദർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്ക് താഴെയായിരുന്നു അശ്ലീല കമന്റ്.
ചിങ്ങം ഒന്നിന് കേരളീയ വേഷത്തിൽ ഗോപി സുന്ദർ ഫേസ്ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേർ കണ്ട ചിത്രത്തിന് താഴെയാണ് സുധി എസ് നായർ എന്ന ഫേസ്ബുക്ക് പേജിൽനിന്നും ഗോപിയുടെ അമ്മയ്‌ക്കെതിരെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തത്. ഇതിനെത്തുടർന്ന് ഫേസ്ബുക്ക് പേജിലെ വിവരങ്ങളും ചിത്രങ്ങളും ചേർത്ത് ഗോപി സുന്ദർ കൊച്ചി പൊലീസിന് പരാതി നൽകുകയായിരുന്നു.
കൊച്ചി സൈബർ പൊലീസ് ഐടി നിയമം 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേരള പൊലീസ് ആക്റ്റും ചുമത്തിയിട്ടുണ്ട്. പ്രതിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















