തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും പുക മാത്രമാണെന്നും, അതിൽ വിശദാംശങ്ങൾ ഒന്നുമില്ലെന്ന വിമർശനവുമായി സാറ ജോസഫ്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിൽ പ്രതികളുടെ പേര് ഇല്ലെന്നും സാറ ജോസഫ് വിമർശനം ഉന്നയിക്കുന്നു. ” ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദാംശങ്ങൾ ഒന്നുമില്ല. ആകെ ഒരു പുക മാത്രമാണത്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ക്രൈം നടക്കുമ്പോൾ അതിൽ പ്രതികൾ വേണം. പക്ഷേ റിപ്പോർട്ടിൽ പ്രതികളുടെ പേരുകൾ ഇല്ല. പ്രതികളുടെ പേരുകൾ ഉണ്ടെങ്കിൽ മാത്രമേ സർക്കാരിന് ഉൾപ്പെടെ നടപടി സ്വീകരിക്കാൻ കഴിയൂ. മുൻപും ഇതുപോലെ നടന്നിട്ടുണ്ട് എന്ന കാര്യം ആർക്കും ഊഹിക്കാവുന്നതാണ്. മാഫിയയുടെ കയ്യിലാണ് ഈ രംഗം ഉള്ളത് എന്നതിനാൽ അത് ചൂണ്ടിക്കാണിക്കണം. അത് ആരുടെ കയ്യിലാണ് എന്നത് ഉൾപ്പെടെ ആളുകളുടെ പേരുകൾ വെളിപ്പെടുത്തണം.
പൊതുജനങ്ങൾക്ക് കിട്ടിയ റിപ്പോർട്ട് അപൂർണമാണ്. റിപ്പോർട്ടിൽ പേരുകൾ ഉള്ളവർക്കെതിരെ നടപടിയെടുക്കണം. നടി ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നുണ്ട്. സമാനമായ കുറ്റകൃത്യമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആര് ചെയ്തു എന്ത് ചെയ്തു എന്ന് പരാമർശിക്കാതെയുള്ള റിപ്പോർട്ടിന് പ്രസക്തിയില്ല. പേരുകൾ ഉണ്ടെങ്കിൽ അവർക്കെതിരെ കോടതി നടപടിയെടുക്കണം. വലിയ കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. കുറ്റം ചെയ്ത ആളെ സംരക്ഷിക്കുന്ന നിലപാടാണ് റിപ്പോർട്ട് പുറത്തുവിടാത്തതിലൂടെ നടത്തിയത്. പുരുഷാധിപത്യ സമൂഹം ആണ് നമ്മുടേതെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.
സംസ്‌കാരമുള്ള സർക്കാരിന് യോജിച്ചതല്ല ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്ന രീതി. ഈ റിപ്പോർട്ട് വെറുമൊരു നാടകം മാത്രമാണ്. ഡബ്ല്യുസിസിക്ക് ആവശ്യമായ പിന്തുണ പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും മറ്റ് സംഘടനകളുടെ ഭാഗത്തുനിന്നും കിട്ടിയില്ല. ഡബ്ല്യുസിസിയിൽ അംഗങ്ങളായവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. അവർക്ക് അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു റിപ്പോർട്ട് പുറത്ത് വന്നത് അവരുടെ കൂടി വിജയമാണ്. എന്നാൽ പൂർണ്ണ വിജയമാകണമെങ്കിൽ കുറ്റകൃത്യം കോടതിക്ക് മുൻപാകെ വരണമെന്നും” സാറ ജോസഫ് പറയുന്നു.