മലയാള സംഗീത ലോകത്തെ വേറിട്ട ശബ്ദത്തിനുടമയാണ് വിധുപ്രതാപ്. വിധു സംഗീതലോകത്തെന്നപോലെ ഭാര്യ ദീപ്തി നൃത്തവേദികളിൽ സജീവമാണ്. പാട്ടും തമാശകളുമൊക്കെ പങ്കുവയ്‌ക്കുന്ന ഇരുവരുടെയും യൂട്യൂബ് ചാനലിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിൽ വിധുപ്രതാപ് ഭാര്യ ദീപ്തിക്കായി പങ്കുവച്ചിരിക്കുന്ന ആശംസാകുറിപ്പാണ് വൈറലാകുന്നത്. സാമൂഹിക മാദ്ധ്യമമായ ഫേസ്ബുക്കിലാണ് വിധു തങ്ങളുടെ പതിനാറാം വിവാഹ വാർഷികത്തിന് ആശംസകളുമായെത്തിയത്.
16 വർഷം ഒരുമിച്ച് പിന്നിട്ടുവെന്നും ഇനിയും ചിരിപ്പിച്ചും വഴക്കിട്ടും സന്തോഷത്തോടെ മുന്നോട്ടുപോകാമെന്നുമാണ് ദീപ്തിക്ക് ആശംസകളറിയിച്ചുകൊണ്ട് വിധു കുറിച്ചത്. “ദീപ്തി അങ്ങനെ നമ്മൾ 16 വർഷം പിന്നീട്ടിരിക്കുകയാണ്. അല്ലെ…പരസ്പരം പുകഴ്‌ത്തി caption എഴുതേണ്ട ആവശ്യം ഒന്നും ഇല്ലാലോ നമ്മൾ തമ്മിൽ. ചിരിച്ചും ചിരിപ്പിച്ചും, പരസ്പരം വഴക്കിട്ടും നമുക്ക് ഇങ്ങനെയൊക്കെ തന്നെ happy ആയിട്ടു മുമ്പോട്ടു പോകാം,” വിധു കുറിച്ചു.
2008 ഓഗസ്റ്റ് 20 നായിരുന്നു ഇരുവരുടെയും വിവാഹം. ഗായിക കെഎസ് ചിത്ര, കെജെ യേശുദാസ്, ഉമ്മൻചാണ്ടി, കോടിയേരി ബാലകൃഷ്ണൻ, തുടങ്ങി സംഗീത മേഖലയിലെയും രാഷ്‌ട്രീയ രംഗത്തെയും പ്രമുഖർ ദമ്പതികളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. യേശുദാസ്, എംജി ശ്രീകുമാർ എന്നിവരുടെ കാലഘട്ടത്തിൽ സംഗീതലോകത്തെത്തിയ വിധുപ്രതാപ് പാടിയ മിക്ക ഗാനങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ഇന്നും യുവഗായകരിൽ മുൻനിരയിലാണ് വിധുപ്രതാപിന്റെ സ്ഥാനം.