ന്യൂഡൽഹി: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രോട്ടോകോൾ രൂപീകരിക്കാൻ ദേശീയ ദൗത്യ സംഘം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പത്തംഗ ദൗത്യസംഘം രൂപീകരിക്കാനാണ് കോടതിയുടെ നിർദ്ദേശം. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർണായക തീരുമാനം. രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കൊൽക്കത്തയിലുണ്ടായതെന്ന് കോടതി പറഞ്ഞു.
മറ്റുളളവരുടെ ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവസരങ്ങളിലെ സമത്വം എന്നതുപോലെ തന്നെ സുരക്ഷിതമായി ജോലി ചെയ്യാനുളള തൊഴിൽസാഹചര്യവും ഇവർ അർഹിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ ആശുപത്രിയിൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി മാനേജ്‌മെന്റിനെയും മമത സർക്കാരിനെയും രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടും സംസ്ഥാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ് ആശുപത്രി തകർക്കുന്നത് തടയാൻ ബംഗാൾ സർക്കാരിന് കഴിയാതിരുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. ഭയാനകമായ ഒരു കുറ്റകൃത്യത്തിന് വേദിയായ ആശുപത്രിയിൽ 24 മണിക്കൂറും സുരക്ഷയൊരുക്കേണ്ടത് പൊലീസിന്റെ ചുമതലയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ 12 മണിക്കൂറിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.















