തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പ്രസവിച്ചത്. പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എസ്കലേറ്ററിന് സമീപം പൂർണ്ണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
അസം സ്വദേശിയായ ജെസ്‌ന ബീഗം എന്ന 25 കാരിയാണ് റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയതാണിവർ. യുവതിയുടെ ഭർത്താവ് മലപ്പുറത്ത് ജോലിചെയ്യുന്നതായാണ് സൂചന. യുവതിയെ അവശനിലയിൽ കണ്ട യാത്രക്കാർ സിആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻതന്നെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിക്കുകയായിരുന്നു.
ആംബുലൻസ് എത്തിക്കുന്നതിന് മുൻപ് തന്നെ യുവതി പ്രസവിച്ചു. ഇതോടെ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അജിതാകുമാരിയുടെ നേതൃത്വത്തിൽ സിആർപിഎഫ് വനിതാ ഉദ്യോഗസ്ഥരും യുവതിക്ക് സഹായവുമായി എത്തി. പ്രസവം നടന്ന ശേഷം അമ്മയെയും കുഞ്ഞിനെയും പിന്നീട് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.















