സിനിമ സംഘടനയുടെ കണ്ണിലെ കരടാണ് താനെന്നും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും സംവിധായകൻ വിനയൻ. വിനയൻ സെക്രട്ടറിയായി രൂപീകരിച്ച മാക്ട ഫെഡറേഷൻ തകർക്കാനും വൈരാഗ്യത്തിൽ വിലക്കേർപ്പെടുത്തിയെന്നും വിനയൻ തുറന്നടിച്ചു.
ഒറ്റപ്പാലത്ത് സൂപ്പർ സ്റ്റാർ ഷൂട്ടിംഗ് സെറ്റിൽ സംവിധായകൻ തിലകന്റെ തന്തയ്‌ക്ക് പറഞ്ഞു. പിന്നീട് തന്റെ സുഹൃത്താണ് ഇക്കാര്യം വിളിച്ച് പറയുന്നത്. തിലകൻ ചേട്ടനെ വിളിച്ച് സമാധാനിപ്പിച്ചു. സീനിയറായ നടനോട് ഇത്തരത്തിൽ പറഞ്ഞത് ശരിയല്ലെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ആ സംവിധായകന്റെ വാശി ഇപ്പോഴുമുണ്ട്. അദ്ദേഹം ഇന്ന് സംഘടനയുടെയും ഗവൺമെന്റ് തലപ്പത്തുമുണ്ടെന്നും വിനയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിലകനെ സീരിയൽ പോലും ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി. സർക്കാർ ഉൾപ്പടെയുള്ള മേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാക്‌ട ഫെഡറേഷറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരിക്കേ 2008 ജൂലൈയിലാണ് സംഘടന തകർക്കുന്നത്. വിനയന്റെ ഭാഗത്താണ് ന്യായമെന്ന് പറഞ്ഞതോടെ തിലകനും സംഘടനയുടെ കണ്ണിലെ കരടായി മാറി. പിന്നാലെ അദ്ദേഹത്തെയും പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം വിനയൻ കോടതിയെ സമീപിക്കുകയും അമ്മയ്‌ക്ക് നാല് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഫെഫ്കയ്‌ക്കും നേതാക്കന്മാർക്കും പിഴ ചുമത്തിയിരുന്നു.















