പാലക്കാട്: താൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനാണെന്നും പാർട്ടിയിലുളള ഒരു വിഷയവും മാദ്ധ്യമങ്ങളുമായി പങ്കുവയ്‌ക്കാനില്ലെന്നും പികെ ശശി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് പികെ ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്.
കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. എന്നാൽ
രാജിവക്കൽ തന്റെ മുൻപിലുളള അജൻഡയല്ലെന്ന് ആയിരുന്നു പി.കെ ശശിയുടെ പ്രതികരണം. ഞാൻ കെടിഡിസിയിലെത്തിയത് ഓഫീസുമായി ബന്ധപ്പെട്ട് അടിയന്തരമായി നിർവ്വഹിക്കേണ്ട കാര്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടിയാണ്.
നടപടി ഉണ്ടായിട്ടില്ലെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് ബന്ധപ്പെട്ട കേന്ദ്രങ്ങളോട് ചോദിക്കൂ എന്നായിരുന്നു മറുപടി. ഞാൻ സംസ്ഥാന കമ്മിറ്റി അംഗമല്ല. സംസ്ഥാന കമ്മിറ്റിയിലെ ഉത്തരവാദപ്പെട്ട ആളുകളുണ്ടെന്നും പി.കെ ശശി പറഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ശശിക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന കമ്മറ്റിയാണ്.
മണ്ണാർക്കാട് യൂണിവേഴ്‌സൽ സഹകരണ കോളേജിനായി പണം പിരിച്ചത് പാർട്ടിയെ അറിയിച്ചില്ലെന്നാണ് പി.കെ ശശിക്കെതിരായ ഒരു ആരോപണം. ഇത് ചോദിച്ചെങ്കിലും ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്‌ക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. പികെ ശശിക്കെതിരായ നടപടി സിപിഎം നേതൃത്വവും ഇതുവരെ സമ്മതിച്ചിട്ടില്ല. നേരത്തെ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുളള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.















