ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടക്കാൻ ശ്രമിച്ച ഏഴ് ബംഗ്ലാദേശികൾ അറസ്റ്റിൽ . ഒരു സ്ത്രീയും കുട്ടിയുമുൾപ്പെടെയുള്ള സംഘമാണ് ബിഎസ് എഫിന്റെ പിടിയിലായത് . പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ഹർനഖോല അതിർത്തി ഔട്ട്‌പോസ്റ്റിൽ വിന്യസിച്ച ബിഎസ്എഫ് സൈനികരാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതിർത്തി വേലി കെട്ടാനുള്ള ചർച്ചകൾ നടത്തുന്നതിനിടെയാണ് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ പറയുന്നു.
പിടിയിലായവരിൽ രണ്ട് പേർ മൗലവിബസാർ ജില്ലയിലെ താമസക്കാരാണ്. അഞ്ച് പേർ ബ്രാഹ്മൺബാരിയയിൽ നിന്നുള്ളവരാണ്. ബംഗ്ലാദേശ് ടാക്കയിലുള്ള 1.5 ലക്ഷം രൂപയും 300 ഡോളറും ഇവരിൽ നിന്ന് കണ്ടെടുത്തു.
ബംഗ്ലാദേശിലെ കലാപം കണക്കിലെടുത്ത് അനധികൃത കടന്നുകയറ്റം തടയാൻ അസം, മേഘാലയ, ത്രിപുര, മിസോറാം, ബംഗാൾ എന്നിവിടങ്ങളിലെ 4,096 കിലോമീറ്റർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കി. സമാനമായ രീതിയിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി ബംഗ്ലാദേശി പൗരന്മാരെ ത്രിപുരയിലും മേഘാലയയിലും കലാപം ആരംഭിച്ചതിന് ശേഷം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി സംഘടനകളും കേന്ദ്രത്തെ സമീപിച്ചു.















