ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി എന്ന നിലയിൽ ആദ്യ ഇന്ത്യാ സന്ദർശനം നടത്തുന്നതിനായി തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിലെത്തിയ അൻവർ ഇബ്രാഹിമിനെ കേന്ദ്ര സഹമന്ത്രി വി സോമണ്ണയാണ് സ്വീകരിച്ചത്. മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഇന്ത്യ- മലേഷ്യതന്ത്രപ്രധാന പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ സുപ്രധാന സ്തംഭവും മൂല്യവത്തായ പങ്കാളിയുമാണ് മലേഷ്യയെന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അൻവർ ഇബ്രാഹിം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് അദ്ദേഹം ആദരമർപ്പിച്ചു. ഇവിടെയുള്ള സന്ദർശക പുസ്തകത്തിലും അൻവർ ഇബ്രാഹിം ഒപ്പുവച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തും.
ചരിത്രപരമായും സാംസ്‌കാരികപരമായും മികച്ച ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും മലേഷ്യയും. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വിവിധ കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഈ ബന്ധത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിന് അൻവർ ഇബ്രാഹിമിന്റെ സന്ദർശനം വഴിവയ്‌ക്കുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.















