തിലകനെ സിനിമയിൽ നിന്ന് വിലക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് പവർ ഗ്രൂപ്പെന്ന് മകൾ സോണിയ തിലകൻ. സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായെന്നും വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ഒരു ടെലിവിഷൻ ചാനലിനോട് പ്രതികരിക്കുകയായിരുന്നു സോണിയ.
അമ്മ സംഘടനയെ പിരിച്ചുവിടണമെന്നും അവർ പറഞ്ഞു. ഹിഡൻ അജണ്ട വച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. സംഘടന രൂപീകരിച്ചത് മുതലാണ് ഇത്രയേറെ പ്രശ്നങ്ങൾ സംഭവിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മോളെ എന്ന് വിളിച്ചു കൊണ്ടാണ് സംസാരിച്ചത്. എന്നാൽ പിന്നീടുള്ള മെസേജുകളിലൂടെ അപമര്യാദയായി പെരുമാറുകയായിരുന്നു. അച്ഛനോട് അങ്ങനെ പറയേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് പറഞ്ഞാണ് സംസാരിച്ചത്. ഒരു കാര്യം സംസാരിക്കാനുണ്ട്, നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. മോളെന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞു. പ്രധാന നടനാണ് മോശമായി പെരുമാറിയത്. സഹോദര തുല്യനായി കണ്ട ഒരാളിൽ നിന്നാണ് മേശം പെരുമാറ്റമുണ്ടായത്. വാക്കുകൾ കൊണ്ട് പോലും സ്ത്രീകൾ അപമാനിതരാകുന്നുവെന്നും സോണിയ പറയുന്നു.
മലയാള സിനിമയിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ പുറത്തുപറഞ്ഞതിന് പിന്നാലെയാണ് അച്ഛനെ പുറത്താക്കിയത്. പിന്നീട് സീരിയലിൽ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും സീരിയൽ താരങ്ങളുടെ സംഘടനയുടെ തലപ്പത്തുള്ളയാൾ സിനിമയിലും ഉള്ളയാളായതിനാൽ അദ്ദേഹം പറഞ്ഞത് പ്രകാരം മാറ്റുകയായിരുന്നു. ഒരു നല്ല ഷർട്ടിട്ട് വന്നാൽ പോലും അഭിനയിപ്പിക്കാതെ പുറത്താക്കിയിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞ് അറിയാമെന്നും അവർ പറഞ്ഞു.















