നടൻ തിലകനെതിരെ ഉണ്ടാക്കിയ സംഘടനയാണ് മലയാളത്തിലെ താര സംഘടനയായ ‘അമ്മ’ എന്ന് തിലകന്റെ മകൾ സോണിയ തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സോണിയ. തിലകന് അവാർഡ് നൽകാതിരിക്കുക എന്നതായിരുന്നു അമ്മ സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും സോണിയ തിലകൻ പറഞ്ഞു.
“അച്ഛന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അച്ഛന് തുടർച്ചയായി അവാർഡ് കിട്ടിയതാണ് പലർക്കും പ്രശ്നം. 80കളിലും 90കളിലും തുടർച്ചയായി അവാർഡുകൾ അച്ഛന് കിട്ടിയപ്പോൾ അവാർഡ് കുത്തക പൊളിക്കാൻ വേണ്ടി മൂന്നാലു പേർ കൂടി ഉണ്ടാക്കിയ സംഘടനയാണ് അമ്മ സംഘടന. എല്ലാവരെയും നിലയ്‌ക്കു നിർത്തുക, അവരുടെ നിയന്ത്രണത്തിൽ നിർത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം”.
“സംഘടന വിഷയം പുറത്തു പറഞ്ഞു എന്നതിന്റെ പേരിലാണ് അച്ഛനെതിരെ നടപടി ഉണ്ടായത്. അതിലും വലിയ വിഷയങ്ങൾ ചെയ്ത ആൾക്കാരെ സംഘടന നിലനിർത്തിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട് പോലും വ്യക്തമായ രീതിയിൽ അമ്മയുടെ ജനറൽ സെക്രട്ടറി പ്രതികരിക്കാൻ തയ്യാറായില്ല. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്തുകൊണ്ടാണ് ഈ വിഷയത്തിൽ കാണിക്കാത്തത്”- സോണിയാ തിലകൻ പറഞ്ഞു.















