കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഭീഷണിയുമായി പശ്ചിമ ബംഗാൾ മന്ത്രി. മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ചൂണ്ടുന്നു വിരലുകൾ അടിച്ച് ഒടിക്കുമെന്ന് തൃണമൂൽ മന്ത്രി ഉദയൻ ഗുഹ പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചു.
“മമത ബാനർജിയുടെ രാജി ആവശ്യം ഒരിക്കലും നടക്കാൻ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നവരുടെയും കുറ്റപ്പെടുത്തുന്നവരുടെയും വിരലുകൾ അടിച്ച് ഒടിക്കുകയാണ് വേണ്ടത്, തൃണമൂലിന്റെ പൊതുപരിപാടിയിൽ ഉദയൻ ഗുഹ ആഹ്വാനം ചെയ്തു.
യുവഡോക്ടറുടെ ബലാത്സംഗ കൊലപതകത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിച്ച കോടതി മമത സർക്കാരിന്റെ നിഷ്ക്രീയത്വത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ആശുപത്രി തകർക്കുന്നത് തടയാൻ ബംഗാൾ സർക്കാരിന് എന്തുകൊണ്ടാണ് കഴിയാതിരുന്നതെന്ന് കോടതി ചോദിച്ചു. സംഭവത്തിൽ 12 മണിക്കൂറിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.















