തിരുവനന്തപുരം: മോട്ടാർ വാഹന വകുപ്പിന് നൽകിയിരുന്ന സേവനങ്ങൾ അവസാനിപ്പിച്ച് സി-ഡിറ്റ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി). ഒൻപത് മാസമായി സേവനങ്ങൾക്ക് സർക്കാർ പ്രതിഫല തുക നൽകാത്തതാണ് കാരണം. വകുപ്പിന്റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്റനൻസ് ഉൾപ്പടെയുള്ള സേവനമാണ് താത്കാലികമായി നിർത്തിയത്.
മോട്ടോർ വാഹന വകുപ്പും സി-ഡിറ്റുമായുള്ള ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് കരാർ 2021 ജനുവരി 31-ന് അവസാനിച്ചെങ്കിലും ഫെബ്രുവരി എട്ട് വരെ സർക്കാർ നിർദ്ദേശപ്രകാരം തുടർന്നും സി-ഡിറ്റ് സേവനങ്ങൾ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഒൻപത് മാസത്തിലധികമായി സി-ഡിറ്റ് നൽകുന്ന സേവനങ്ങൾക്കുള്ള പ്രതിഫല തുക മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിക്കാത്തതും പുതുക്കിയ കരാർ വ്യവസ്ഥകൾ അംഗീകരിച്ച് നൽകാതെയും പഴയ കരാർ പ്രകാരമുള്ള സാധനങ്ങളുടെ വിതരണത്തിന് അധിക തുക അനുവദിക്കാത്ത സാഹചര്യത്തിലുമാണ് തീരുമാനമെന്ന് സി-ഡിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സി-ഡിറ്റിന്റെ ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾ 17-ാം തീയതി മുതൽ താത്കാലികമായി നിർത്തി വയ്‌ക്കുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. താത്കാലികമായി ജോലി ചെയ്തിരുന്നവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സേവനത്തിൽ നിന്നും വിടുതല് ചെയ്തതായും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു.
വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് വകുപ്പ് ഫീസ് ഈടാക്കുന്നു. ഈ പണം ട്രഷറിയിലെത്തുന്നു. പിന്നീട് ഈ തുക സി-ഡിറ്റിന് നൽകാതെ സർക്കാർ വകമാറ്റുകയാണെന്ന വിമർശനം ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാകാം ഇതിന് പിന്നിലെന്നാണ് നിഗമനം. സമാന രീതിയിൽ 2021-ലും സി-ഡിറ്റ് മോട്ടാര് വാഹന വകുപ്പിന്റെ സേവനങ്ങൾ നിർത്തിയിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. നേരത്തെ തപാൽ വകുപ്പിന് കുടിശിക നൽകാത്തതിനാൽ ആർസി ബുക്കും ലൈസൻസും അച്ചടിക്കുന്നത് നിർത്തിയതും എംവിഡിയെ പ്രതിസന്ധിയിലാക്കിയിരുന്നു.















