ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വിവിധ ഷോപ്പിംഗ് മാളുകൾക്ക് നേരെ ബോംബ് ഭീഷണി. ചാണക്യ മാൾ, സെലക്ട് സിറ്റിവാക്ക്, ആംബിയൻസ് മാൾ, ഡിഎൽഎഫ്, സിനി പോളിസ്, പസഫിക് മാൾ തുടങ്ങിയ മാളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മാളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്‌ഫോടനം നടക്കുമെന്നുമുള്ള സന്ദേശമായിരുന്നു എല്ലാ മാളുകൾക്കും ലഭിച്ചത്. ഇ-മെയിൽ വഴിയായിരുന്നു സന്ദേശം. ഇതോടെ മാൾ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. നിലവിൽ ഒരിടത്തും സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. നഗരത്തിലെ പ്രമുഖ മാളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ ആളുകളെ മാളുകളിൽ നിന്നും ഒഴിപ്പിച്ചു.
ആംബിയൻസ് മാളിന് നേരെ ഓഗസ്റ്റ് 17-ാം തീയതിയും ബോംബ് ഭീഷണി ഉയർന്നിരുന്നു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയുിച്ചു. ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണികൾ എത്തുന്നുണ്ടെന്നും കുറ്റാവളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.















